നീലംപേരൂര്‍: ചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് പടയണിക്കളത്തില്‍ നിറഞ്ഞാടിയ വലിയന്നത്തിന്റെ എഴുന്നള്ളത്തോടെ നീലംപേരൂര്‍ പൂരം പടയണിക്ക് പരിസമാപ്തി. ഒരു ഗ്രാമത്തിന്റെ ആവേശവും അനുഷ്ഠാനങ്ങളും കണ്‍കുളിര്‍ക്കെ കണ്ട ആവേശത്തിലാണ് നൂറു കണക്കിനാളുകൾ പടയണിക്കളത്തില്നിന്നും പിരിഞ്ഞുപോയത്.
രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണി ചടങ്ങുകള്‍ തുടങ്ങിയത്. ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും 50 ചെറിയന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നള്ളിയത്.
വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും ചെറിയ അന്നങ്ങളും പടയണിക്കളത്തില്‍ എത്തി. അരയന്നങ്ങള്‍ക്കൊപ്പം നീലംപേരൂര്‍ നീലകണ്ഠന് എന്നു കരക്കാര് വിളിക്കുന്ന പൊയ്യാന, കോലങ്ങള്‍ തുടങ്ങിയവയും എത്തി. പടയണിക്കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ ആര്‍പ്പു വിളികളോടെയാണ് കോലങ്ങളെയും അന്നങ്ങളെയും എതിരേറ്റത്.
ചൂട്ടുവെളിച്ചത്തിന്റെ പ്രഭയില്‍ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയാണ് അന്നങ്ങള്‍ ദേവീനടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും ഇടത്തരം അന്നങ്ങളും മറ്റു കോലങ്ങളും പടയണിക്കളത്തില്‍ എത്തിയതിനുശേഷം ദേവീവാഹനമായ സിംഹം എഴുന്നള്ളി.
അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയില്‍ എത്തിയശേഷം സിംഹം എഴുന്നള്ളുന്നതോടെ ആര്‍പ്പുവിളികളും വാദ്യഘോഷങ്ങളും കൊണ്ട് ക്ഷേത്രപരിസരം മുഖരിതമായി. തുടര്‍ന്ന് പടയണിയുടെ വ്രതം അനുഷ്ഠിച്ച കാര്മികന് അരിയും തിരിയും സമര്‍പ്പിച്ചതോടെ ഈ വര്‍ഷത്തെ പടയണിക്ക് പരിസമാപ്തി കുറിച്ചു.