കാഞ്ഞിരപ്പള്ളി: മാർക്സിസ്റ്റ് പാർട്ടി കേരളത്തിലെ ചില സഹകരണ പ്രസ്ഥാനങ്ങളിൽ നടത്തുന്ന അതേ പ്രവർത്തനമാണു ബിജെപി കേന്ദ്രത്തിൽ നടത്തുന്നതെന്നു കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
വോട്ട് കവർച്ചയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടണമെന്നുമാവശ്യപ്പെട്ടു കോൺഗ്രസ് അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന ഒപ്പുശേഖരണ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സർക്കാർ പൗരാവകാശത്തെ ചോദ്യം ചെയ്യുകയാണ്. വോട്ടർ പട്ടികയിലെ തിരമറി രാഹുൽ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചിട്ട് ഒരുമാസമായിട്ടും ഇന്ത്യൻ പ്രധാനമന്ത്രി അതിനെ ചോദ്യം ചെയ്തിട്ടില്ല. ഒരു രാജ്യം കീഴ്പ്പെടുത്തി എടുക്കുന്നതിനു വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന തെറ്റായ പ്രവർത്തനം അംഗീകരിക്കാൻ കഴിയില്ല. പ്രസിഡന്റിനു സമർപ്പിക്കാനുള്ള നിവേദനത്തിൽ കേരളത്തിൽനിന്നും ഒരു കോടിയിലധികം ആളുകൾ ഒപ്പിടുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, കെപിസിസി അംഗം തോമസ് കല്ലാടൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, പ്രകാശ് പുളിക്കൻ, ബ്ലോക്ക് പ്രസിഡന്റുമാരായ പി. ജീരാജ്, ബിനു മറ്റക്കര, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, രഞ്ജു തോമസ്, മണ്ഡലം പ്രസിഡന്റുമാരായ, ബിജു പത്യാല, സേവ്യർ മൂലകുന്ന്, ജോയി പൂവത്തുങ്കൽ, റെജി അമ്പാറ, എസ്.എം. സേതുരാജ്, ജിജോ കാരക്കാട്ട്, റോയി തുരുത്തിയിൽ, ഷെറിൻ സലിം, തോമസ് ചെത്തിയിൽ എന്നിവർ പ്രസംഗിച്ചു.