കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം. ഇയാളെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.നടന്റെ ബെനാമി ഇടപാടും പരിശോധിക്കുന്നുണ്ട്. താരങ്ങള്‍ക്ക് ഉള്‍പ്പെടെ വാഹന എത്തിച്ചു നല്‍കുന്നത് അമിതാണ്. ഇയാള്‍ക്ക് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള വാഹന സംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അടിമുടി ദുരൂഹത
അതേസമയം, കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തതില്‍ അടിമുടി ദുരൂഹതയെന്നാണ് വിവരം. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത 92 മോഡല്‍ ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആസാം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വാഹനത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.
പിന്നീട് വണ്ടിയുടെ ചേസിസ്, എൻജിന് നമ്പറുകളില്‍ വാഹനം മൂവാറ്റുപുഴ സ്വദേശി മാഹിന്റേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മാഹിന്‍ കസ്റ്റംസ് സമന്‍സ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് വാഹനത്തിന്റെ നിറം മാറ്റണമെന്ന ആവശ്യവുമായി ലാന്‍ഡ് ക്രൂയിസര്‍ കുണ്ടന്നൂരിലെ വര്‍ക്ക് ഷോപ്പിലേക്ക് എത്തിച്ചത്.
വെള്ള കാര്‍ കറുപ്പ് നിറമാക്കി മാറ്റണമെന്നായിരുന്നു ആവശ്യം. കാര്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റാനായിരുന്നു നീക്കം. കസ്റ്റംസിന്റെ പരിശോധന സംബന്ധിച്ച് സൂചന ലഭിച്ചതിനാലാണ് ഈ നീക്കമെന്നാണ് കണ്ടെത്തല്‍. മാഹിനെ ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീക്കാനാകുമെന്ന വിശ്വാസത്തിലാണ് കസ്റ്റംസ് സംഘം.
റെയ്ഡ് ഇന്നും തുടരും
ഓപ്പറേഷന് നുംഖോര്‍ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. 150 ഓളം വാഹനങ്ങളില്‍ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. ദുല്‍ഖര്‍ സല്മാന് അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
ദുല്‍ഖറിന്റേതെന്ന് കരുതുന്ന രണ്ട് കാറുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലില്‍ ഉടന്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷന് നുംഖോറിന് തുടക്കമിട്ടത്.
നുംഖോര്‍ എന്നാല്‍ ഭൂട്ടാനീസില്‍ കാര്‍ എന്നര്‍ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ പുറത്തുകൊണ്ടുവന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടന്നത്.
സ്വന്തം ലേഖിക