പട്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും പ്രിയങ്ക പറഞ്ഞു. പട്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാക്കണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.