കോട്ടയം: സീരിയൽ കില്ലര്‍ ചേര്‍ത്തല പള്ളിത്തോട് ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനെ (66)തിരേ വീണ്ടും കൊലപാതക സൂചനകള്‍. കൂത്താട്ടുകുളം ബസ് സ്റ്റാന്‍ഡില്‍ ബ്രോക്കര്‍ ജോലിയും ലോട്ടറി വ്യാപാരവും നടത്തിയിരുന്ന ഏലിയാമ്മ (കുഞ്ഞിപ്പെണ്ണ്-64) യെ 2018 ജൂലൈ നാലിന് കാണാതായിരുന്നു. കൂത്താട്ടുകുളം പോലീസും പിന്നീട് ആലുവ ക്രൈം ബ്രാഞ്ചും അന്വേഷിച്ച തിരോധാന കേസ് വീണ്ടും അന്വേഷണപരിധിയില്‍ വരികയാണ്.
സ്ഥലം ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ ബ്രോക്കര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഏലിയാമ്മയുമായി പരിചയത്തിലായിരുന്നെന്നും ഇടയ്ക്കിടെ കൂത്താട്ടുകുളത്ത് എത്തിയിരുന്നെന്നും ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാർ മൊഴി നല്‍കിയിട്ടുണ്ട്. കൂത്താട്ടുകുളത്തിന് നാലു കിലോമീറ്റര്‍ മാറി കാരമലയിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിച്ചിരുന്ന ഏലിയാമ്മയുടെ ഏക മകന് ബിനു കിടപ്പുരോഗിയാണ്.
മകനെ ശുശ്രൂഷിക്കേണ്ടതിനാല്‍ വൈകുന്നേരം ആറോടെ വീട്ടില്‍ മടങ്ങിവന്നിരുന്ന ഏലിയാമ്മയുടെ തിരോധാനത്തില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അക്കാലത്ത് ഏറ്റുമാനൂര്‍ വെട്ടിമുകളിലെ ഭാര്യവീട്ടിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. കാണാതായ ദിവസം ഏലിയാമ്മയുടെ മൊബൈല്‍ ഫോൺ ടവര്‍ ലൊക്കേഷന്‍ പാലായ്ക്ക് സമീപം വെളിയന്നൂര്‍ വരെ എത്തിയതായി പറയുന്നു.
സെബാസ്റ്റ്യന്‍ സ്ഥലം ഇടപാടിനെന്ന പേരില്‍ ഏലിയാമ്മയെ വിളിച്ചുവരുത്തി അപായപ്പെടുത്തിയെന്നാണ് സൂചന. നിലവില്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (56), ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് എന്നിവരെ കൊലപ്പെടുത്തി പണവും ആഭരണവും അപഹരിച്ചതായി സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇരുവരെയും പള്ളിത്തോട്ടിലെ വീട്ടില്‍വച്ച് തനിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.
ആ മൃതദേഹം ഐഷയുടേതോ ?
2013 മേയിലാണ് റിട്ട. പഞ്ചായത്ത് ജീവനക്കാരി ഐഷ (ഹയറുമ്മ-62)യെ കാണാതാകുന്നത്. തനിച്ചു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഐഷയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ കരുതിവച്ചിരുന്ന പണമടക്കമാണ് ഹയറുമ്മയെ കാണാതായത്.
ഐഷയുടെ തിരോധാനക്കേസ് ചേര്‍ത്തല പോലീസ് അന്വേഷിച്ചുവരികയാണ്. ഐഷയെയും സമാനരീതിയില്‍ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്ന സൂചനയിലാണ് പോലീസ്. അക്കാലത്ത് മൂവാറ്റുപുഴയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം ഐഷയുടേതായിരുന്നുവെന്ന് ചില ബന്ധുക്കള്‍ സംശയം പറഞ്ഞിരുന്നു.
എന്നാല്‍ പോലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല. വ്യക്തമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് എല്ലാ സ്ത്രീകളെയും സെബാസ്റ്റ്യന്‍ വകവരുത്തിയത്. ഇതു കൂടാതെ ചേര്‍ത്തല സ്വദേശിയായ സിന്ധു എന്ന യുവതിയുടെ തിരോധാനത്തിലും സെബാസ്റ്റ്യനെ സംശയിക്കുന്നുണ്ട്.
പണം വിശ്വസ്തർ വഴി ചെലവഴിച്ചു
വസ്തു ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിച്ച സമ്പത്ത് വിശ്വസ്തരായ പലരും വഴിയാണ് സെബാസ്റ്റ്യന്‍ ചെലവിട്ടിരുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ 2018ല്‍ അന്വേഷണം നടത്തിയ ഘട്ടത്തില്‍ കേസ് ഉന്നത സ്വാധീനത്തില്‍ ഒതുക്കാന്‍ പുറത്തുനിന്നും പണവും സ്വാധീനവും എത്തിയിരുന്നു.
ബിന്ദു പത്മനാഭന്റെ ചേര്‍ത്തലയിലെ സ്ഥലം വില്ക്കാന് സെബാസ്റ്റ്യനായിരുന്നു ബ്രോക്കര്‍.2007 മേയില്‍ സ്ഥല കരാറെഴുതിയ ദിവസം രാത്രി ബിന്ദുവിനെ കൊലപ്പെടുത്തി അഡ്വാന്‍സ് തുക ഒന്നര ലക്ഷം രൂപ അപഹരിച്ചതായാണ് കരുതുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ചായിരുന്നു കരാര്‍ എഴുതിയതെന്ന് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബിന്ദുവിനെ കൊലപ്പെടുത്തിയശേഷം ഇവരുടെ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയാറാക്കി 1.36 കോടി രൂപയ്ക്കാണ് സെബാസ്റ്റ്യന്‍ വിറ്റത്. ബിന്ദു പത്മനാഭന് എന്ന പേരില്‍ വ്യാജ എസ്എസ്എല്‍സി ബുക്കുണ്ടാക്കി മറ്റൊരു സ്ത്രീയെയാണ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കിയത്.
ഈ പണം വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. ഐഷയെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തിക തട്ടിപ്പു നടന്നിരുന്നു.