സീതപ്പഴത്തിൽ ധാരാളം ഊർജം അടങ്ങിയി രിക്കുന്നു. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം.
ആന്റിഓക്സിഡന്റുകൾ ധാരാളം
സീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തിൽ നിലനിർത്തുന്നതിനു സഹായകം. വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിതം. അത് രക്തസമ്മർദ വ്യതിയാനങ്ങൾ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ഹൃദയപേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാത – സ്ട്രോക് സാധ്യതകൾ കുറയ്ക്കുന്നു.
സീതപ്പഴത്തിലുളള നാരുകളും നിയാസിൻ എന്ന ആന്റിഓക്സിഡൻറും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ)കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ(എച്ച്ഡിഎൽ) കൂട്ടുന്നതിനും സഹായകം. പ്രമേഹബാധിതർ സീതപ്പഴം കഴിക്കുന്നതു സംബന്ധിച്ചു കുടുംബ ഡോക്ടർ, ഡയറ്റീഷൻ എന്നിവരുടെ നിർദേശം സ്വീകരിക്കാവുന്നതാണ്.
പ്രായമായവരുടെ ആരോഗ്യത്തിന്
പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം. സീതപ്പഴത്തിലുളള കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിനു സഹായകം. സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു. റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. പേശികളുടെ തളർച്ച കുറയ്ക്കുന്നതിനും സഹായകം.
കുടലിനു കരുതൽ
ദഹനക്കേടു മൂലമുളള ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിവിധിയായാണു സീതപ്പഴം.ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അൾസർ, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തിൽ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകൾ സഹായകം.
സീതപ്പഴത്തിലെ നാരുകൾ കുടലുകൾക്കു സംരക്ഷണം നല്കുന്നു. വിഷമാലിന്യങ്ങൾ കുടലിൽ നിന്നു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനുളള സാധ്യത തടയുന്നു. കുടൽ, കരൾ എന്നിവയെ സംരക്ഷിക്കുന്നു.
(തുടരും)