വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം താത്കാലികമായി നിർത്തിവയ്ക്കാനുള്ള സമാധാനനിർദേശങ്ങൾ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശാശ്വതസമാധാന പാതയിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ സൈനികരെ പിൻവലിക്കുമെന്നും എല്ലാവരെയും നീതിപൂർവം പരിഗണിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.
ട്രംപിന്റെ 20 നിർദേശങ്ങളടങ്ങിയ സമാധാനപദ്ധതിയുടെ പ്രാരംഭ ചർച്ച കയ്റോയിൽ നടന്നിരുന്നു. ചർച്ചയിൽ എല്ലാ കക്ഷികളും നിർദേശങ്ങൾ അംഗീകരിച്ചിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്തിയതായി ഹമാസും പ്രസ്താവനയിൽ പറഞ്ഞു.
കരാറിൽ ഇസ്രയേൽ സേനയുടെ പിൻവാങ്ങലും ബന്ദികളെ കൈമാറലും ഉൾപ്പെടുന്നുവെന്നും ഹമാസ് പറഞ്ഞു. ഇസ്രയേൽ വെടിനിർത്തൽ പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്ഥരാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കരാർ നടപ്പിലാക്കി 72 മണിക്കൂറിനുള്ളിൽ ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഗാസയുടെ ഭാവി ഭരണം, ഹമാസിന്റെ നിരായുധീകരണം പോലുള്ള വിഷയങ്ങൾ പരിഹരിച്ചോ എന്നതിൽ വ്യക്തതയില്ല.