അന്പലപ്പുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കോണ്‍ഗ്രസ് നേതാവുതന്നെ തടഞ്ഞത് വിവാദത്തിൽ. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് സംഘടിപ്പിച്ചത്.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ അണിചേര്‍ന്ന മാര്‍ച്ച് പോലീസിനെപ്പോലും ആശങ്കയിലാക്കി. തുടര്‍ന്ന് സുരക്ഷാകവചങ്ങള്‍ അണിഞ്ഞ പോലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ച് നിലയുറപ്പിച്ചു.
കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു മുന്നിൽനിന്നും ആരംഭിച്ച മാർച്ചില്‍ പ്രവര്‍ത്തകരെ ബാരിക്കേഡുകള്‍ക്കു സമീപത്ത് എത്താന്‍ പോലും മണ്ഡലത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാവ് അനുവദിച്ചില്ലെന്നാണ് പ്രവർത്തകരുടെ പരാതി.
ഏറെ അകലെവച്ച് പ്രവര്‍ത്തകരെ നേതാവുതന്നെ തടഞ്ഞു. ഇത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമാ യി. നേതാവ് ഇടയ്ക്കിടെ സ്റ്റേഷന് സന്ദര്‍ശിക്കാറുണ്ടെന്നും ആ സൗഹൃദം വച്ചാണ് മാർച്ച് തടഞ്ഞതെന്നും അണികൾ കുറ്റപ്പെടുത്തുന്നു. അണികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
നേതാവ് മാര്‍ച്ച് തടയുന്ന ചിത്രം അണികളില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും പ്രതിഷേധം അറിയിക്കുന്നുണ്ട്. പോലീസ് സ്റ്റേഷൻ മാർച്ചിൽ ഇത് നേതാവിന്റെ സ്ഥിരം പരിപാടിയാണെന്നു ചിലർ പറഞ്ഞു.