കോട്ടയം: സ്കൂള്‍ കായികമേളകള്‍ക്ക് ഫൈനല്‍ വിസില്‍ മുഴങ്ങിയിരിക്കേ സര്‍ക്കാര്‍ അറിയുന്നില്ല കുട്ടികളില്‍ പകുതിയും കായികാധ്യാപകരില്ലാതെ തനിയെ പരിശീലനം നേടുകയാണെന്ന്. സംസ്ഥാനത്ത് 70 ശതമാനം സ്കൂളുകളിലും കായികാധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കായികപരിശീലനവും കായിക പുസ്കത പഠനവുണ്ടായിരിക്കേ നിലവിലെ നിയമനരീതി വിചിത്രമാണ്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലേക്ക് കായികാധ്യാപക തസ്തികയേ ഇല്ല. അഞ്ചു മുതല്‍ ഏഴു വരെ മിനിമം 500 കുട്ടികളുണ്ടെങ്കില്‍ മാത്രമേ കായികാധ്യപകനെ നിയമിക്കൂ.
എട്ട്, ഒന്‍പത് ക്ലാസുകളില്‍ മിനിമം അഞ്ച് ഡിവിഷനില്ലെങ്കില് ഈ പോസ്റ്റില്‍ നിയമനമില്ല. ഹയര്‍ സെക്കന്‍ഡറിയിലും വിഎച്ച്എസ്ഇയിലും കായികാധ്യാപകന് തുടക്കത്തില്‍തന്നെ ഔട്ടായതാണ്. നിലവില്‍ ജില്ലാ സംസ്ഥാന മേളകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തനിയെയാണു പരിശീലനം. അതല്ലെങ്കില്‍ ചേര്‍ന്നുള്ള ഹൈസ്കൂളിലെ കായികാധ്യാപകന്റെ സഹായം തേടുന്നു. സാഹചര്യം ഇതായിരിക്കേയാണു കേരളത്തിലെ സ്കൂളുകളില്‍നിന്ന് ഒളിമ്പ്യമാരും ഏഷ്യാഡ് താരങ്ങളും ഉയര്‍ന്നുവരണമെന്ന് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്.
സ്പോര്‍ട്സ് പീരീയഡില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്നും കുട്ടികളെ കളിക്കാനും പരിശീലനം നേടാനും പുറത്തുവിടണമെന്നും ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ട്. അധ്യാപകനില്ലാതെ കുട്ടികളെ പുറത്തുവിടുന്നതില്‍ പ്രധാനാധ്യാപകര്‍ക്ക് ആശങ്കയുണ്ട്. അഞ്ച് മുതല്‍ പത്തു വരെ ക്ലാസുകള്‍ക്ക് ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകവും തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുമുണ്ട്. അധ്യാപകനില്ലെങ്കിലും ഒന്‍പത്, പത്ത് ക്ലാസുകളിലെ എട്ട് ലക്ഷം വിദ്യാര്‍ഥികള്‍ പണം മുടക്കി ആരോഗ്യ കായിക വിദ്യാഭ്യാസം എന്ന പുസ്തകം വാങ്ങുന്നുണ്ട്.
കായികാധ്യാപകന് ഇതേ പുസ്തകം പഠിപ്പിച്ചശേഷം പ്രാക്ടിക്കലിന് 25 മാര്‍ക്ക്, തിയറി 15 മാര്‍ക്ക്, പെരുമാറ്റം പത്ത് മാര്‍ക്ക് എന്ന നിലയില്‍ സ്കോര്‍ ഷീറ്റ് തയാറാക്കണം. നിലവില്‍ മറ്റു വിഷയം പഠിപ്പിക്കുന്നവര്‍ ഈ സേവനം കുട്ടികള്‍ക്കായി നിര്‍വഹിക്കുകയാണ്. കായികമേളകള്‍ മാത്രമല്ല പൊതു അച്ചടക്കം, കലാമേള, ശാസ്ത്രമേള, വിനോദയാത്ര എന്നിവയിലെല്ലാം സ്പോര്‍ട്സ് അധ്യാപകരുടെ സാന്നിധ്യം പ്രധാമാണ്. മറ്റ് ജില്ലകളില്‍നിന്ന് അധ്യാപകരെ എത്തിച്ചാണു കഴിഞ്ഞമാസം സബ് ജില്ലാ മേളകള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ മേളകളിലും ഇതുതന്നെ സ്ഥിതി.
മറ്റ് അധ്യാപക തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചെങ്കിലും 60 കൊല്ലമായി കായികാധ്യാപക തസ്തിക മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചിട്ടില്ല. 500 കുട്ടികളുള്ള യുപി വിഭാഗത്തില്‍ ഏതെങ്കിലും ഒരു സ്പെഷലിസ്റ്റ് ടീച്ചര്‍ (കല, കായികം, പ്രവൃത്തിപരിചയം ഇവയിലേതെങ്കിലും ഒന്നു മാത്രം) എന്നതാണു നിലവിലെ നിയമം. ഇക്കാര്യത്തിലും കായികപരിശീലനത്തിന് പ്രത്യേക പരിഗണനയില്ല.
സ്പോര്‍ട്സ് പരിശീലനത്തിന് സര്‍ക്കാര്‍ ഫണ്ടുകള്‍ നിലച്ചിട്ട് ഏറെക്കാലമായി. സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് പിടിക്കാന്‍ കുട്ടികളെ താമസിപ്പിച്ചു പരിശീലനം നല്കി വന്നിരുന്ന മുന്‍നിര സ്കൂളുകള്‍ ഈ രംഗത്തുനിന്നു പിന്മാറിക്കഴിഞ്ഞു. വര്‍ഷം 50 ലക്ഷം രൂപയുടെ ഫണ്ടില്ലാതെ ഇത്തരത്തില്‍ പരിശീലനം നല്‍കാനാവില്ല. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ സ്കൂളുകളിലും സ്ഥിതി ഇതുതന്നെയാണ്. സംസ്ഥാനത്തെ ഗവണ്മെന്റ് സ്കൂളുകളില്‍ കായികാധ്യാപകരുടെ എണ്ണം നൂറില്‍ താഴെയാണ്.
റെജി ജോസഫ്