കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ വേഫറെര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ കൗച്ചിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ദുര്‍വിനിയോഗം ചെയ്തുവെന്ന് കാണിച്ച് വേഫെറര്‍ ഫിലിംസും ദിനില്‍ ബാബുവിനെതിരെ സൗത്ത് പോലീസിലും ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ദിനില്‍ ബാബു ഒളിവിലാണ്.വേഫറെര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ചിറ്റൂര്‍ സ്വദേശിനിയായ യുവതിയെ അപമാനിച്ചെന്നാണ് ദിനില്‍ ബാബുവിനെതിരെയുള്ള പരാതി.
കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി തന്നെ ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വരാനാണ് ആവശ്യപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു. ദുല്‍ഖറിന്റെ കമ്പനി ഓഫീസിനു തൊട്ടു മുകളിലെ നിലയിലാണ് ഇയാളുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
അവിടെ എത്തിയ തന്നെ ദിനില്‍ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. തനിക്ക് വഴങ്ങിയില്ലെങ്കില്‍ മലയാള സിനിമയില്‍ അവസരം ലഭിക്കില്ലെന്ന് ദിനില്‍ ബാബു ഭീഷണിപ്പെടുത്തി എന്നും യുവതി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മുമ്പ് ദിനിലിനൊപ്പം യുവതി മറ്റൊരു ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സമയത്തും ഇയാള്‍ യുവതിയുടെ തോളില്‍ കൈവച്ചതിനെ അവര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ഇയാളുമായി ബന്ധമൊന്നും ഇല്ലായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ കാര്യം സംസാരിക്കാനായി യുവതിയെ ഇയാള്‍ വിളിച്ചുവരുത്തിയത്.
കാസ്റ്റിംഗ് കോളുകള്‍ ഒഫീഷ്യല്പേജിലൂടെ മാത്രം
വേഫറെര്‍ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകള്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫറെര്‍ ഫിലിംസിന്റെയോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മാത്രമേ പുറത്ത് വരൂ എന്നും, മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിംഗ് കോളുകള്‍ കണ്ട് വഞ്ചിതരാകരുതെന്നും വേഫറെര്‍ ഫിലിംസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ദിനില്‍ ബാബുവുമായി വേഫറെര്‍ ഫിലിംസിനു യാതൊരു ബന്ധവുമില്ലെന്നും വേഫറെര്‍ ഫിലിംസ് അറിയിച്ചു.