പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍ പതിവുപോലെ പായല്‍ നിറഞ്ഞു. മത്സ്യ- കക്കാ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയുടെ വക്കില്‍. തണ്ണീര്‍മുക്കം മുതല്‍ അരൂകുറ്റി വരെയുളള ഭാഗങ്ങളിലെ കായലില്‍ പലേടത്തും വെള്ളം കാണാനാകാത്ത വിധമാണ് പായല്‍ നിറഞ്ഞിരിക്കുന്നത്. വേമ്പനാട്ട് കായലിനെ ആശ്രയിച്ചു കഴിയുന്ന ഇരുപതിനായിരം കക്കാ തൊഴിലാളികളും അത്രയുംതന്നെ മത്സ്യത്തൊഴിലാളികളും ഒരുപോലെ ദുരിതം നേരിടുകയാണ്.
വള്ളംഇറക്കാനാവുന്നില്ല
ഒക്ടോബര്‍ മുതലാണ് പായൽ വേമ്പനാട്ടു കായലില്‍ നിറയുന്നത്. കുട്ടനാടന്‍ പാടശേഖരങ്ങള്‍ പാടം തെളിച്ച് കൃഷി ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുറത്തേക്കു തള്ളിവിടുന്ന പായലുകള്‍ വേലിയേറ്റ സമയങ്ങളില്‍ തണ്ണീര്‍മുക്കം ബണ്ടു വഴി വടക്കന്‍ മേഖലയിലെക്ക് ഒഴുകി എത്തുന്നു.
വേമ്പനാട്ടു കായലില്‍നിന്നു വേലിയേറ്റ സമയങ്ങളില്‍ ഉള്തോടുകളിലേക്കും പായല്‍ കയറുന്നു. കക്കാവാരി ഉപജിവനം നടത്തുന്ന തൊഴിലാളികളുടെ വള്ളങ്ങള്‍ പോലും പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പല തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണ്.
പട്ടിണിയുടെ വക്കിൽ
ജില്ലയുടെ വടക്കന്‍ മേഖലയില്‍ കാല്‍ലക്ഷത്തോളം തൊഴിലാളികള്‍ നേരിട്ടു പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നുണ്ട്. ട്രോളിംഗ് നിരോധന കാലത്തു നാടന്‍ മത്സ്യങ്ങള്‍ക്കു പ്രിയമേറുമെങ്കിലും നിലവില്‍ കായലില്‍ വലയിടാന്‍ പറ്റാത്ത അവസ്ഥയാണ്. വേമ്പനാട്ടു കായലില്‍ നൂറിനടുത്ത് ഊന്നി ലൈനുകള്‍ (ഊന്നിപ്പാട്) ഉണ്ട്.
ഇതിലോരോന്നിലും 18 മുതല്‍ 120 വരെ ഊന്നിക്കുറ്റികള്‍ ഉണ്ടാകും. വേലിയേറ്റ-ഇറക്കങ്ങള്‍ ശക്തമാകുമ്പോള്‍ ഒഴുകിയെത്തുന്ന പോളപ്പായല്‍ മൂലം ഊന്നിക്കുറ്റികള്‍ മറിഞ്ഞ് ഒഴുകിപ്പോകുകയാണ്. പലതും നാശത്തന്റെ വക്കിലാണ്. ഊന്നിക്കുറ്റി തറയ്ക്കുന്നതിനു പതിനായിരവും വലയ്ക്ക് 25,000 രൂപയും ഉള്‍പ്പെടെ 35,000 രൂപയുടെ നഷ്ടം ഓരോ മത്സ്യത്തൊഴിലാളിക്കും വന്നിട്ടുണ്ട്.
പായലിനൊപ്പം കട്ടപ്പുല്ല്, വെണ്ണപ്പായല്‍ എന്നിവയും വ്യാപിക്കുന്നുണ്ട്. ഇതോടെ വലയിടാന്‍ കഴിയില്ല. ഊന്നി വലയില്‍ നിറഞ്ഞു കുമിയുന്ന പായല്‍ പലപ്പോഴും വലയും കുറ്റിയും തകര്‍ത്താണ് പോകാറ്.
വലയില്‍ ഒട്ടിപ്പിടിക്കുന്ന വെണ്ണപ്പായല്‍ കുടഞ്ഞു കളഞ്ഞാലും പോകില്ല. എല്ലാ വര്‍ഷവും ഇതുതന്നെയാണ് തൊഴിലാളികളുടെ അവസ്ഥ. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.