കൊച്ചി: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉണ്ടാക്കിയ അപകടങ്ങളുടെ എണ്ണം 330 ആണ്. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്.
108 കേസുകള്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്മാര്ക്കെതിരെയാണ്. ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട 28 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഓട്ടോഡ്രൈവര്‍മാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശനമായ പരിശോധന പോലുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹന രേഖകള്‍, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമായിരുന്നു സ്പെഷല്‍ ഡ്രൈവിലൂടെ ലക്ഷ്യമിട്ടത്.
സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധ കാമ്പെയ്നുകള്‍ നടത്തി. 3,322 കാമ്പെയ്നുകളിലൂടെ 15,875 ഓട്ടോ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിച്ചു.
ഓട്ടോ സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഗതാഗത നിയമങ്ങള്‍ സ്വമേധയാ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഓട്ടോ ഡ്രൈവര്‍ യൂണിയനുകളുമായും അസോസിയേഷനുകളുമായും ഏകോപിപ്പിക്കുകയും ചെയ്തു.
സ്പെഷല്‍ ഡ്രൈവില്‍ സസ്പെന്‍ഡ് ചെയ്തത് 59 ലൈസന്‍സുകള്‍
സ്പെഷ്യല്‍ ഡ്രൈവില്‍ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ 44,146 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 3,818 നിയമലംഘനങ്ങള്‍ കണ്ടെത്തി.
59 ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്.
വരും ദിവസങ്ങളിലും പരിശോധനകള്‍ ഉണ്ടാകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും ജില്ലാ പോലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാര്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയുമാണ് വാഹന പരിശോധന നടത്തിയത്.
ശുഭയാത്രയിലേക്ക് വിളിക്കാം
അലക്ഷ്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ 97470 01099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാം.
സ്വന്തം ലേഖിക