കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്. ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന് മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന.
അമ്മ എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്.മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു പരമേശ്വരന് വിളിച്ച യോഗത്തില്‍ നടിമാരുടെ അനുഭവങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സംബന്ധിച്ചാണ് പരാതികള്‍ ഉയര്‍ന്നത്.
14 താരങ്ങളാണ് ഇതുസംബന്ധിച്ച് പരാതികള്‍ ഉന്നയിച്ചത്. മെമ്മറി കാര്‍ഡിലെ ചില സംഭാഷണങ്ങള്‍ കഴിഞ്ഞിടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് അന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആരോപണവുമായി രംഗത്തെത്തിയത്. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്തോ എന്നതില്‍ ആശങ്കയുണ്ടെന്ന് നടി പൊന്നമ്മ ബാബു ഉള്‍പ്പെടെയുള്ള പറഞ്ഞിരുന്നു.