പൊതുസമൂഹത്തിനും ക്രൈസ്തവർക്കു പ്രത്യേകിച്ചും നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞും ആ നിഷേധാത്മക രാഷ്ട്രീയത്തെ വിചാരണ ചെയ്തും കടന്നുപോയ ഒരു യാത്ര ഇന്നു സമാപിക്കുകയാണ്. കാസർഗോഡുനിന്ന് കത്തോലിക്ക കോൺഗ്രസ് (എകെസിസി) തുടങ്ങിയ 12 ദിവസത്തെ അവകാശസംരക്ഷണ യാത്ര ഇന്നു തിരുവനന്തപുരത്ത് എത്തുന്പോൾ, എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്ത രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമായി അതു മാറും.
ഭരണകൂടങ്ങൾ വന്യജീവികളേക്കാൾ വിലകെട്ടവരായി കണ്ട കർഷകരുടെയും, ഭരണകൂട പിന്തുണയുള്ള വർഗീയ-തീവ്രവാദ സംഘടനകളാൽ പീഡിതരായ ന്യൂനപക്ഷങ്ങളുടെയും, ഭരണകൂട പക്ഷപാതിത്വം അനുഭവിക്കുന്ന പരിവർത്തിത ക്രൈസ്തവരുടെയും ശബ്ദമാകാൻ എകെസിസി നടത്തിയ ശ്രമം അനിവാര്യമായൊരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മാറ്റം അനിവാര്യമാണ്.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന യാത്രയുടെ ലക്ഷ്യങ്ങൾ ഈ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ്. ബിജെപി സർക്കാരുകൾ കൊണ്ടുവന്ന ഭരണഘടനാവിരുദ്ധമായ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കുക, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വര്ഗീയ സംഘടനകളെ നിലയ്ക്കു നിർത്തുക, രാജ്യപുരോഗതിയുടെ ചാലകശക്തിയായിരുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ ഉത്തരേന്ത്യയിൽ നടക്കുന്ന വർഗീയ ആക്രമണങ്ങളും കേരളത്തിലുൾപ്പെടെ നടക്കുന്ന തീവ്രവാദ അജണ്ടകളും തടയുക, പാഠപുസ്തകങ്ങളിലെ ക്രൈസ്തവവിരുദ്ധ അപനിർമിതികൾ തിരുത്തുക, 80:20 അനുപാതത്തിലുള്ള സ്കോളർഷിപ്പിനെതിരേയുള്ള ഹൈക്കോടതി വിധി അട്ടിമറിക്കാൻ സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് നീതി ഉറപ്പാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക, ദളിത് സംവരണം പരിവർത്തിത ക്രൈസ്തവർക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ രാജ്യത്തിന്റെ മതേതര ഘടനയ്ക്കു സംഭവിച്ച പരിക്കുകൾ ചൂണ്ടിക്കാണിക്കുന്നതാണ്.
കർഷകരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെയും, മലയോരങ്ങളിലെയും വിഴിഞ്ഞത്തെയും മുനന്പത്തെയും മനുഷ്യരുടെയും നഷ്ടജീവിതവും യാത്രയിൽ ഉയർത്തിക്കാട്ടി. മനുഷ്യവിരുദ്ധമായി മാറിക്കഴിഞ്ഞ വനം-വന്യജീവി നിയമങ്ങൾ തിരുത്തുക, തെരുവുനായശല്യം പരിഹരിക്കുക, പട്ടയമടക്കം മതിയായ രേഖകളുള്ള ഭൂമിപോലും പിടിച്ചെടുക്കാൻ വനംവകുപ്പിന് അനുമതി നൽകുന്ന ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് ഭേദഗതി പിൻവലിക്കുക, തകർന്നടിഞ്ഞ കാർഷികമേഖലയെ രക്ഷിക്കുക, പ്രകടനപത്രികയിൽ ഉറപ്പുനൽകിയ താങ്ങുവില റബറിനു നൽകുക, കർഷകരെ പാപ്പരാക്കിയ നെല്ലുസംഭരണശൈലി പരിഷ്കരിക്കുക, വനംവകുപ്പിന്റെ കുടിയിറക്കു കുതന്ത്രങ്ങൾ അവസാനിപ്പിക്കുക, കർഷക കുടിയേറ്റത്തിന്റെ ചരിത്രവും നേട്ടങ്ങളും പഠിപ്പിക്കുക, ഭിന്നശേഷി സംവരണത്തിന്റെ മറവിൽ സംസ്ഥാനം ഇല്ലാതാക്കിയ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, വനാതിർത്തികളിലെ ബഫർസോൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുക, ഇഡബ്ല്യുഎസ് സംവരണത്തിന്റെ സാന്പത്തിക മാനദണ്ഡങ്ങൾ ഒബിസിയുടേതിനു തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനി അവഗണിക്കാനാകില്ല. ഇതിൽ ഒരാവശ്യമെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ പുരോഗതിക്കോ വിലങ്ങുതടിയാണെങ്കിൽ പറയണം.
കത്തോലിക്ക കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള വോട്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും അവഗണിച്ച രാഷ്ട്രീയക്കാർക്കുള്ള കുറ്റപത്രമായി മാറിയെങ്കിൽ തിരുത്തിയേ തീരൂ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത സംഘടന പ്രക്ഷോഭതുല്യമായൊരു യാത്രയ്ക്കിറങ്ങിയത് നീതിക്കുവേണ്ടി മാത്രമാണ്; അധികാരത്തിന്റെ ബധിരകർണങ്ങളിലേക്കു ചിലതൊക്കെ ഉറക്കെ പറയാനാണ്.
പാവപ്പെട്ട കർഷകരും ദരിദ്രരും വന്യജീവി ഇരകളുമൊക്കെ വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങളാണിതെല്ലാം. എന്നിട്ടും പ്രകടനപത്രികകളെയും വാഗ്ദത്ത പ്രസംഗങ്ങളെയുമൊക്കെ മുന്നണികൾ വഞ്ചനയുടെ ചരിത്രരേഖകളായി മാറ്റുകയാണ്.
ക്രൈസ്തവരുടെ ആവശ്യങ്ങൾ തങ്ങളുടേതല്ല എന്നു കരുതുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടേതാണ് എന്നു കരുതേണ്ട ആവശ്യം ക്രൈസ്തവർക്കുമില്ല. എല്ലാവരെയും ചേർത്തുനിർത്തുന്ന, വർഗീയ-തീവ്രവാദ മുഖംമൂടികളില്ലാത്ത, കർഷകവിരുദ്ധമല്ലാത്ത സർക്കാരുകൾ അസാധ്യമല്ല.
അതിനു തടസമാകുന്ന രാഷ്ട്രീയം തിരുത്തണം. എകെസിസി ഉന്നയിച്ച നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. തങ്ങൾക്കു വേണ്ടി അധികാരം പിടിക്കണമെന്ന് ഒരു മുന്നണിയോടും കത്തോലിക്ക കോൺഗ്രസ് ഉത്തരവിട്ടതായി കേട്ടിട്ടില്ല. പക്ഷേ, അധികാരം തങ്ങളെ ചവിട്ടിത്തേയ്ക്കാനാണെങ്കിൽ കീഴടങ്ങില്ലെന്ന ശബ്ദം കാസർഗോഡ് മുതൽ കേൾക്കുന്നുണ്ട്. സീസറിനുള്ളതു കൊടുത്തിട്ടും നീതി കിട്ടാത്തവരുടെ ശബ്ദം!
