അമ്പൂരി – കുമ്പിച്ചല്‍ കടവ് പാലം പണി ജനുവരിയില്‍ തുടങ്ങും: സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ

TVM-AMBOORIഅമ്പൂരി: അമ്പൂരി- കുമ്പിച്ചല്‍ കടവ് പാലം പണി ജനുവരിയില്‍ തുടങ്ങുമെന്ന് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ. പാലം പണിക്കു മുന്നോടിയായി നടക്കുന്ന മണ്ണുപരി ശോധന നേരിട്ടു കാണുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. 13 മീറ്റര്‍ വീതിയുള്ള വലിയ പാലമാണ് ഇവിടെ നിര്‍മിക്കുന്നത്. അമ്പൂരി നിവാസികളുടെ നീണ്ടകാലത്തെ സ്വപ്‌നമാണ് ഈ പാലം പൂര്‍ത്തിയാകുന്നതോടുകൂടി യാഥാര്‍ഥ്യമാകുന്നത്.

നെയ്യാര്‍ഡാം പണി കഴിഞ്ഞ് വെള്ളം കയറിയപ്പോള്‍ ഒറ്റപ്പെട്ടു പോയ കാരിക്കുഴി, കുന്നത്തുമല, തെന്മല, കൊമ്പ, പഴഞ്ഞിപ്പാറ, പുരവിമല, ചാക്കപ്പാറ, അയ്യവിലാകം, കള്ളുകാട് എന്നിവിടങ്ങളില്‍ ഭൂരിഭാഗവും കാണിക്കാര്‍ എന്നറിയപ്പെടുന്ന ആദിവാസികളാണ്. ഇവര്‍ക്കാണ് പുതിയ പാലം ഏറെ പ്രയോജനപ്പെടുക.

കുമ്പിച്ചല്‍കടവ് പാലം 2019 ല്‍ തുറന്നു കൊടുക്കാന്‍ കഴിയുമെന്നു കരുതുന്നതായി എംഎല്‍എ പറഞ്ഞു. അമ്പൂരിയിലെ  റോഡുകള്‍ താല്‍ക്കാലികമായി നന്നാക്കുമെന്നും പിന്നാലെ വിവിധ ഏജന്‍സികളുടെ ഫണ്ട് ഉപയോഗിച്ച് നല്ല രീതിയില്‍ റോഡുകളെല്ലാം ടാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ ശോചനീയവസ്ഥ ദീപിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related posts