കോട്ടയം: വന്യമൃഗംമുതല് പട്ടയംവരെ നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന കര്‍ഷക വികാരം ശമിപ്പിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന തിരിച്ചടിയെ ചെറുക്കാനുമുള്ളതായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍. നെല്ല് സംഭരണവില കിലോ 28.20 രൂപയില്‍നിന്ന് 30 രൂപയാക്കിയും റബര്‍ താങ്ങുവില 180 രൂപയില്‍നിന്ന് 200 രൂപയായി ഉയര്‍ത്തിയും കര്‍ഷകരെ കൈയിലെടുക്കാനാണ് ശ്രമം.
റബര്‍ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതോടകം വര്‍ധിപ്പിച്ചത് കിലോയ്ക്ക് പത്ത് രൂപ മാത്രമാണ്. മൂന്നു മാസമായി റബറിന്റെ ശരാശരി വില 180 രൂപയാണ്.ആ നിലയില്‍ നിലവിലെ ബജറ്റില്‍ താങ്ങുവില 200 രൂപയായി പ്രഖ്യാപിച്ച് ഏപ്രിലില്‍ നടപ്പാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം റബര്‍ സബ്സിഡി സ്കീമില്‍ വകയിരുത്തിയ 1000 കോടി രൂപയില്‍ 40 കോടി രൂപ മാത്രമാണ് വിതരണം ചെയ്യേണ്ടിവന്നത്.
റബർ സബ്സിഡി 250 രൂപയായി ഉയര്‍ത്തിയാലും സര്‍ക്കാരിന് ബാധ്യതയാവില്ല. നിലവില്‍ ഷീറ്റ് തയാറാക്കുന്നവര്‍ക്ക് മാത്രമാണ് സബ്സിഡിയുടെ നേട്ടം. സംസ്ഥാനത്തെ 60 ശതമാനം റബര്‍ കര്‍ഷകരും ലാറ്റക്സും കപ് ലംബു(റബര്‍ ചണ്ടി)മായാണ് റബര്‍ വില്‍ക്കുന്നത്. ലാറ്റക്സിനും കപ് ലംബിനും സബ്സിഡി പ്രഖ്യാപിച്ചാല്‍ മാത്രമേ ഭൂരിപക്ഷം കര്‍ഷകര്‍ക്കും നേട്ടമാകൂ.
നെല്ലുവില കഴിഞ്ഞ പുഞ്ച സംഭരണത്തിനു മുന്നോടിയായി നടപ്പാക്കിയിരുന്നെങ്കില്‍ വലിയ നേട്ടമാകുമായിരുന്നു. നിലവില്‍ 30 രൂപയായി വില വര്‍ധിപ്പിച്ചെങ്കിലും തുക എന്നു കിട്ടുമെന്ന് വ്യക്തമല്ല. മേയില്‍ സംഭരണം പൂര്‍ത്തിയായ പുഞ്ചനെല്ലിന്റെ വില കഴിഞ്ഞയാഴ്ചയാണ് വിതരണം ചെയ്തു പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ പൊന്തന്‍പുഴ, ആലപ്ര, തുലാപ്പള്ളി, തീക്കോയി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ പട്ടയം ലഭിക്കാന്‍ കാലങ്ങളായി കാത്തിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമായില്ല.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര തുകയില്‍ വര്‍ധന വരുത്തിയില്ല.
നിലവില്‍ മരണം സംഭവിച്ചാല്‍ പരമാവധി നഷ്ടപരിഹാരം 10 ലക്ഷം രൂപയാണ്. ഇതില്‍ അഞ്ചു ലക്ഷം രൂപ കേന്ദ്രവിഹിതമാണ്. സംസ്ഥാന വിഹിതം ഏഴു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം നടപ്പായില്ല. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ നല്കുന്ന നഷ്ടപരിഹാരത്തുകയിലും വര്‍ധന വരുത്തിയില്ല.

