ന്യൂഡൽഹി: സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം വിശകലനം ചെയ്യന്നതിനും അധ്യാപനം, പഠനം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) 2024 25 അധ്യയന വർഷത്തെ സ്കൂൾ അക്കാദമിക് പെർഫോമൻസ് റിപ്പോർട്ട് കാർഡ് പുറത്തിറക്കി. ഓരോ അഫിലിയേറ്റഡ് സ്കൂളിന്റെയും പ്രവർത്തന മികവ് വിശദമായി അപഗ്രഥിച്ച് റിപ്പോർട്ട് കാർഡ് ഇറക്കുന്ന നടപടി ഇതാദ്യമാണ്.
ഓരോ സ്കൂളും 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ കാഴ്ചവച്ച പ്രകടനത്തിന്റെ വിശദമായ വിശകലനം റിപ്പോർട്ട് നൽകുന്നു. ഓരോ വിഷയത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപന മികവ്, പരീക്ഷാ ഫലത്തിന്റെ സംസ്ഥാന, ദേശീയ തലങ്ങളിലുള്ള ശരാശരി, ലിംഗാടിസ്ഥാനത്തിൽ പഠനത്തിൽ കണ്ടുവരുന്ന ട്രെൻഡ് തുടങ്ങിയവ കണക്കിലെടുത്താണ് സ്കൂളുകളുടെ പ്രകടനം വിശകലനം ചെയ്യുക.
ഇതിന് പുറമെ കായികമികവും മറ്റ് പാഠ്യേതര പ്രവർത്തങ്ങളും പരിഗണിക്കും. പേരുകൾക്ക് പകരം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളെ വിലയിരുത്തുകയാണ് പുതിയ നടപടി. വിദ്യാർഥികളുടെ അക്കാദമിക് കാര്യങ്ങളിലും പഠ്യേതര വിഷയങ്ങളിലും കൂടുതൽ ശ്രദ്ധയൂന്നാൻ പുതിയ നടപടി സ്കൂളുകളെ നിർബന്ധിതമാക്കും.
ഈ റിപ്പോർട്ട് കാർഡുകൾ സ്വകാര്യ ലോഗിൻ ഐഡി ഉപയോഗിച്ച് അതത് സ്കൂളുകൾക്ക് മാത്രമാണ് ലഭ്യമാകുക. പൊതുവായി ലഭിക്കില്ല. ഇതിനെതിരെ കുട്ടികളുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് വിമർശങ്ങൾ ഉയരുന്നുണ്ട്. ഇത്തരം വിവരങ്ങൾ അതത് സ്കൂളിലെ വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്ന് മറച്ചുവയ്ക്കുന്നതിനാൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വരുമെന്നുമാണ് ആരോപണം.
സ്വന്തം ലേഖകൻ

