1980 കളിൽ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സമയം. തെരഞ്ഞെടുപ്പിനു നിൽക്കുന്ന സ്ഥാനാർഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഒരു വശത്ത് പ്രചാരണ വാഹനങ്ങളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ മറു ഭാഗത്തും.
തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻആർട്സിൽ അന്ന് ചിത്രകലാ അധ്യാപകനാണ് കാട്ടൂർ ജി. നാരായണപിള്ള. ഈ രാഷ്ട്രീയ പുകമറകളുടെ ഇരുളിലൂടെ കോളജിൽ എത്തുന്പോൾ ഉള്ളിൽ നിറയുന്ന വേദനയും ആത്മ സംഘർഷവും കാട്ടൂർ പേപ്പറിലേക്കു പകർത്തും. വായിലൂടെ തീപ്പുക ഊതുന്ന മനുഷ്യമുഖങ്ങൾ; വിഷ സർപ്പങ്ങളുടെ നാവ് പുളയുന്ന മനുഷ്യ രൂപങ്ങൾ എല്ലാം പേപ്പറിലേക്കു താനെ ഒഴുകിപ്പടരും.
ഫൈൻ ആർട്സ് കോളജിലെ അന്നത്തെ വിദ്യാർഥിനി സജിത ശങ്കർ ഗുരുവിന്റെ ചിത്രരചന പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. അക്കാലത്ത് കേരളത്തിൽ കൊലപാതക പരന്പരകളും നടന്നിരുന്നു. മനുഷ്യ മനസിന്റെ വിസ്ഫോടനങ്ങളും കാട്ടൂർ കോളജിലിരുന്ന് കോറിയിടുന്നതു സജിത കണ്ടിട്ടുണ്ട്.
നാലു പതിറ്റാണ്ടുകൾക്കു ശേഷം മ്യൂസിയം ആർട്സ് ഗാലറിയിൽ നടന്ന പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ പെയിന്റിംഗുകളുടെ പ്രദർശനത്തിൽ ഈ ചിത്രങ്ങൾ കണ്ടപ്പോൾ ശിഷ്യയും പ്രശസ്ത ചിത്രകാരിയുമായ സജിത ശങ്കറിനു അത്ഭുതവും അതിലേറെ ആഹ്ലാദവും.
വളരെ ശ്രദ്ധയോടെ കുനിഞ്ഞിരുന്നു സാർ ഈ ചിത്രങ്ങൾ വരയ്ക്കുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. കോളജ് ഓഫ് ഫൈൻ ആർട്സ് മുൻ പ്രിൻസിപ്പലും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ കൈയൊപ്പ് അക്ഷരാർഥത്തിൽ പതിഞ്ഞ ’സിഗ്നേച്ചർ’ ഒരു വലിയ കാലത്തിന്റെ കഥപറയുന്നു.
1970 കൾ മുതൽ ഇതുവരെയുള്ള കാട്ടൂരിന്റെ പെയിന്റിംഗുകളുടെ ചരിത്രക്കാഴ്ചയാണ് സിഗ്നേച്ചർ ഒരുക്കിയത്. അരനൂറ്റാണ്ടിലൂടെ ഉള്ള ഒരു ചിത്രകാരന്റെ യാത്ര മാത്രമല്ല മാറുന്ന കാലവും നുഷ്യനും പ്രകൃതിയും കാട്ടൂരിന്റെ കാൻവാസുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നു.
തിരുവനന്തപുരത്ത് നിന്നും അന്യമാക്കപ്പെട്ട പല പൈതൃകക്കാഴ്ചകളും അരനൂറ്റണ്ടിനു മുൻപ് വരച്ച പെയിന്റുംഗുകളിൽ കാണാം. എട്ടുകെട്ടും റോഡരികിലെ പൈപ്പും തെക്കേത്തെരുവിലെ പഴയ അഗ്രഹാരങ്ങളും ഉൾപ്പെടെയുള്ളവ ശിഷ്യരെ ഔട്ട്ഡോർ സ്റ്റഡിക്കു കൊണ്ടുപോയപ്പോൾ വരച്ചതാണ്.
അധ്യാപനത്തിന്റെ ഭാഗമായി വരച്ച സ്കെച്ചുകളിൽ പുതിയ ചിത്രകലാ തലമുറയ്ക്കു ആവശ്യമായ വിശദാംശങ്ങൾ കാണാം. പുറംകാഴ്ചകൾ കണ്ടിരുന്ന് തന്റെ ചിത്രകലാ വിദ്യാർഥിനികൾ ചിത്രരചന നടത്തുന്നതും കാട്ടൂർ വരച്ചിട്ടുണ്ട്. ഗുരുവും ചിത്രകാരനും ഒന്നിക്കുള്ള ഇത്തരം പെയിന്റിംഗുകൾ ഏറെ ശ്രദ്ധേയമാണ്.
ഹൃദയത്തിൽ നിറയുന്ന പൈതൃകമായ ബിംബങ്ങളും സംസ്കൃതിയുടെ സന്പന്നതകളും മിത്തുകളും തന്റേതായ ആധുനിക ശൈലിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് കാട്ടൂർ. ശ്രീരാമൻ നൽകുന്ന, ജീവിതത്തിന്റെ നിരർഥകത നിറയുന്ന ലക്ഷ്മണോപദേശ പെയിന്റിംഗ് ഇത്തരത്തിൽപ്പെട്ടതാണ്.
നാഗത്തറയും കളമെഴുത്തും തുടങ്ങിയ പാരന്പര്യ അനുഷ്ഠാനങ്ങളും പുതിയ കാല സാഹചര്യങ്ങളിൽ കാട്ടൂരിന്റെതായ ആവിഷ്ക്കാര ശൈലിയിലുടെ പ്രത്യക്ഷപ്പെടുന്നുണ്ട്. പാരന്പര്യത്തിന്റെ വേരുകളിൽനിന്നും തന്നെയാണു തുടക്കമെങ്കിലും ആധുനികകാല സമസ്യകളെ അവതരിപ്പിക്കുന്പോൾ നൂതനങ്ങളായ ചിത്രരചന സങ്കേതകങ്ങൾ തന്നെ വേണമെന്ന് കാട്ടൂർ ജി. നാരായണപിള്ള പറയുന്നു. മൂർത്തചിത്രങ്ങൾക്കും അമൂർത്ത ചിത്രങ്ങൾക്കുമിടയ്ക്കുള്ള സെമി ആബ്സ്ട്രാക്ട് ശൈലിയിലാണ് പെയിന്റിംഗുകൾ.
അധിനിവേശങ്ങളിൽ തകർപ്പെട്ട ഹംപിയിലെ ആയിരം വർഷം പഴക്കമുള്ള സംസ്കാരവും കാട്ടൂർ വരച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് ഇങ്ക് സങ്കേതത്തിലെ ഈ പെയിന്റിംഗ് 2010 ലാണ് സാക്ഷാത്കരിച്ചത്. 2024-ൽ വരച്ച പെയിന്റിംഗുകളിലും പ്രകൃതി നശീകരണത്തിന്റെയും സമകാലീന രാഷ്ട്രീയത്തിന്റെയും നഖപ്പാടുകൾ കാണാം.
അരനൂറ്റാണ്ടിൽ സംഭവിച്ച പരിണാമങ്ങൾ, മാറ്റമില്ലാതെ തുടരുന്ന മൂല്യത്തകർച്ചകൾ അങ്ങനെ പലതും സിഗ്നേച്ചർ ഒപ്പിയെടുക്കുന്നുണ്ട്. രഞ്ജു ലീഫ് ആയിരുന്നു ക്യൂറേറ്റർ. കേരള ലളിതകലാ അക്കാദമിയുടെ അവാർഡ്, അഖിലേന്ത്യാ തലത്തിലുള്ള രാജസ്ഥാൻ ലളിതകലാ അക്കാദമിയുടെ പുരസ്കാരം, മദിരാശിയിലെ യംഗ് പെയിന്റേഴ്സ് ആൻഡ് സ്കൾപ്പ്ച്ചേഴ്സിന്റെ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളുടെ ജേതാവാണ് കാട്ടൂർ.ജി.നാരായണ പിള്ള
സ്വന്തംലേഖിക

