പാറ്റ്ന: രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ള സംസ്ഥാനമായ ബിഹാറിൽ വ്യാഴാഴ്ച ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കുകയാണ്. മുഖ്യമന്ത്രി നിതീഷ്കുമാർ നേതൃത്വം നല്കുന്ന എൻഡിഎയും തേജസ്വി യാദവ് നയിക്കുന്ന ഇന്ത്യ മുന്നണിയും തമ്മിലുള്ളത് തുല്യനിലയിലുള്ള പോരാട്ടമാണ്. എൻഡിഎയ്ക്കു നേരിയ മുൻതൂക്കം ചില സർവേകൾ പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിഹാറിലെത്തിയതോടെ പ്രചണ്ഡ പ്രചാരണമാണ് അരങ്ങേറുന്നത്. ബിഹാറിലെ 243 മണ്ഡലങ്ങളിൽ 121ലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. 11നു നടക്കുന്ന രണ്ടാം ഘട്ടം തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങൾ വിധിയെഴുതും. 14നാണു ഫലപ്രഖ്യാപനം.
തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ച ഇന്ത്യ സഖ്യം, നിങ്ങളുടെ മുഖ്യമന്ത്രിസ്ഥാനാർഥി ആരെന്ന് എൻഡിഎയോടു ചോദിക്കുന്നു. നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ റിക്കാർഡ് വിജയം നേടുമെന്നു പറഞ്ഞ നരേന്ദ്ര മോദി, എൻഡിഎ വിജയിച്ചാൽ നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്നു വ്യക്തമാക്കിയില്ല.
ഇരു മുന്നണികളുടെയും വാഗ്ദാനപ്പെരുമഴയിൽ മുങ്ങിനിൽക്കുകയാണ് ബിഹാറിലെ വോട്ടർമാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുന്പ് ബിഹാറിലെ 1.27 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം നിക്ഷേപിച്ചതു വോട്ടായി മാറുമെന്നു നിതീഷ്കുമാർ കണക്കുകൂട്ടുന്നു.
ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി, ഒരു കോടി ലക്ഷാധിപതികളായ ദീദിമാർ, നാലു നഗരങ്ങളിൽ മെട്രോ ട്രെയിൻ, സംസ്ഥാനത്ത് ഏഴ് പുതിയ രാജ്യാന്തര വിമാനത്താവളങ്ങൾ, ഓരോ ജില്ലയിലും മെഡിക്കൽ കോളജ്, സൗജന്യ റേഷൻ, അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, 50 ലക്ഷം വീടുകൾ തുടങ്ങിയ വമ്പൻ പ്രഖ്യാപനങ്ങളാണ് എൻഡിഎ പ്രകടനപത്രികയിലുള്ളത്.
വീട്ടിൽ ഒരാൾക്കു സർക്കാർ ജോലി എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലെത്തിയാൽ 20 ദിവസത്തിനകം ഇതിനായി നിയമനിർമാണം നടത്തുമെന്ന് ഇന്ത്യ സഖ്യ പ്രകടനപ്രത്രികയിൽ പറയുന്നു. മായി ബഹൻ മാൻ പദ്ധതി പ്രകാരം വനിതകൾക്ക് പ്രതിമാസം 2500, പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയവയാണ് ഇന്ത്യ സഖ്യത്തിന്റെ മറ്റു വാഗ്ദാനങ്ങൾ. തേജസ്വി യാദവ് ആണ് ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം നയിക്കുന്നത്. ബിഹാറിലെത്താൻ വൈകിയതിന് പഴി കേട്ട രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും വരും ദിവസങ്ങളിൽ പത്തിലേറെ റാലികളെ അഭിസംബോധന ചെയ്യും.
എൻഡിഎയിൽ ബിജെപിയും എൽജെപിയും ഒഴികെയുള്ള കക്ഷികൾ സീറ്റ് പങ്കിടലിൽ അതൃപ്തരാണ്. 101 വീതം സീറ്റുകളിലാണു ബിജെപിയും ജെഡി-യുവും മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ് കിട്ടി. 2020ൽ ഒറ്റയ്ക്കു മത്സരിച്ച എൽജെപിയാണ് ജെഡി-യുവിനെ തളർത്തിയത്. ഒരേയൊരു സീറ്റിൽ മാത്രമാണു വിജയിച്ചതെങ്കിലും ജെഡി-യുവിന്റെ സീറ്റുകൾ 43 ആയി കുറയ്ക്കാൻ ചിരാഗിനു കഴിഞ്ഞു.
അധികം താമസിക്കാതെ എൽജെപിയെ പിളർത്തി ചിരാഗിനെ ബിജെപി ഒറ്റപ്പെടുത്തി. ചിരാഗിന്റെ പിതൃസഹോദരൻ പശുപതികുമാർ പരസിനെ കേന്ദ്രമന്ത്രിയുമാക്കി. എന്നാൽ, ജനം ചിരാഗിന്റെ പിന്നിലാണുള്ളതെന്നു തിരിച്ചറിഞ്ഞ ബിജെപി പശുപതികുമാറിനെ വലിച്ചെറിഞ്ഞ് ചിരാഗിനെ ഒപ്പംകൂട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചിടത്തും എൽജെപി വിജയിച്ചു. കേന്ദ്രഭരണം ഉറപ്പിക്കാൻ നരേന്ദ്ര മോദിക്ക് ജെഡി-യു, എൽജെപി എംപിമാരുടെ പിന്തുണ അനിവാര്യമാണ്.
ബിഹാറിൽ ഇന്ത്യ സഖ്യത്തെ നയിക്കുന്ന ആർജെഡി 143 സീറ്റിലും കോണ്ഗ്രസ് 61ലും മത്സരിക്കുന്നു. 2020ൽ കോൺഗ്രസ് 70 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ആർജെഡിയുടെയും സിപിഐയുടെയും ഏതാനും മണ്ഡലങ്ങളിൽ കോണ്ഗ്രസിനും സ്ഥാനാർഥികളുണ്ട്. ഇന്ത്യ സഖ്യത്തിൽ മൂന്ന് ഇടതുപാർട്ടികൾക്കായി 31 സീറ്റാണു നീക്കിവച്ചത്. സിപിഐ (എംഎൽ) ലിബറേഷനാണ് ബിഹാറിലെ വലിയ ഇടതു പാർട്ടി. ഇവർക്ക് 20 സീറ്റ് നല്കി. സിപിഐ ഏഴിലും സിപിഎം നാലിലും മത്സരിക്കുന്നു.
മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി)ക്ക് 15 സീറ്റ് കിട്ടി. ഉപമുഖ്യമന്ത്രിസ്ഥാനവും മുകേഷിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്ലിം, ദളിത് വിഭാഗങ്ങളിൽനിന്നും ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന് തേജസ്വി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു സഖ്യത്തിന്റെയും ഭാഗമല്ലാത്ത അസദുദീൻ ഒവൈസിയുടെ എഐഎംഐഎം 32 സീറ്റുകളിൽ മത്സരിക്കുന്നു. തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മത്സരിക്കുന്നില്ലെങ്കിലും ഇദ്ദേഹത്തിന്റെ ജൻ സുരാജ് പാർട്ടി (ജെഎസ്പി) 241 സീറ്റുകളിൽ രംഗത്തുണ്ട്.

