നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് വിരമിക്കുമ്പോഴും സേവനത്തിന്റെ ദീപം അണയുന്നില്ല. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം വലവൂരിലുള്ള തന്റെ സ്ഥലത്ത് പത്തു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി 31 സെന്റ് സ്ഥലം കൈമാറി.
പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കുടുംബങ്ങള്‍ക്ക് വഴിയടക്കം സ്ഥലം ആധാരം ചെയ്ത് നല്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്നതിനും സഹായം നല്‍കും. ഇതിനായി സഹോദരനും കുടുംബാംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്.
അമേരിക്കയില്‍ താമസിക്കുന്ന സഹോദരന് ഷിബു പീറ്ററുമായി ചേര്‍ന്ന് പിതാവിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച പീറ്റര്‍ ഫൗണ്ടേഷന് ട്രസ്റ്റ് മുഖേന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തുവരുന്നുണ്ട്. ആയിരക്കണക്കിന് കിഡ്നി രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
തോമസ് പീറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യ സിബില്‍ തോമസും മക്കള്‍ ഡോ. ദിവ്യ, ദീപു, ഡോ. ദീപക് എന്നിവരും പൂര്‍ണമായ സഹകരണം നല്കുന്നു. പാലാ, കാഞ്ഞിരപ്പള്ളിവി. ജെ. പീറ്റര്‍ ആൻഡ് കമ്പനി ഉടമയാണ്.
വലവൂരില്‍ ഇന്നലെ നടന്ന യോഗത്തില്‍ സെന്റ് മേരീസ് ചെറുകര പള്ളി വികാരി ഫാ. ജോര്‍ജ് പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു. തോമസ് പീറ്റര്‍, ദീപു പീറ്റര്‍ തോമസ്, പ്രഫ. ലോപ്പസ് മാത്യു , ചാവറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, കൗണ്‍സിലര്‍മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, ആന്റോ പടിഞ്ഞാറെക്കര, ജോസിന് ബിനോ, ലീന സണ്ണി, ബൈജു കൊല്ലംപറമ്പില്‍, ഷാജു തുരുത്തന്, സിജി പ്രസാദ്, മായാ പ്രദീപ്, വി.സി. പ്രിന്‍സ്, മുനിസിപ്പല്‍ എന്‍ജിനിയര്‍ സിയാദ്, ടോമി അഞ്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

