കോട്ടയം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രാ പദ്ധതിയില്‍പ്പെടുത്തി ഹാപ്പി ലോംഗ് ലൈഫ് (RFID) യാത്രാ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
കാന്‍സര്‍ രോഗികള്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോ തെറാപ്പി റേഡിയേഷന്, ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം.
ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യം സൗജന്യമാക്കി രോഗികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുകയാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.www.keralartcit.com വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിച്ചു നൽകും. വീട് മുതല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയാണ് ഹാപ്പി ലോംഗ് ലൈഫ് കാര്‍ഡില്‍ സൗജന്യയാത്ര ചെയ്യാന്‍ സാധിക്കുന്നത്.
അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങള്‍
- keralartcti.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
- അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ JPG, PNG, PDF ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം.
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുണ്ടെങ്കില്‍ മാത്രം), ഓങ്കോളിജിസ്റ്റ് നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ നല്‍കണം).
- സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം.
- അപേക്ഷകന് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്തു നിയമനടപടികള്‍ സ്വീകരിക്കും.

