പത്തനംതിട്ട: സ്കൂള്‍ ഉച്ചഭക്ഷണത്തുക മൂന്നു മാസമായി കുടിശിക ആയതോടെ പ്രഥമാധ്യാപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത. വിവിധ ജില്ലകളിലായി ഏഴുലക്ഷം രൂപ വരെ ബാധ്യതയുള്ള ഹെഡ്മാസ്റ്റര്മാരുണ്ട്.
കേന്ദ്രവിഹിതം ലഭിക്കാത്തതു കൊണ്ടാണ് ഫണ്ട് അനുവദിക്കാത്തത് എന്നാണ് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായ പോഷകാഹാര പരിപാടിയില്‍ കുട്ടികള്‍ക്ക് പാല്, മുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലും ഫണ്ട് കുടിശികയാണ്.
ഫണ്ട് മുന്‍കൂറായി അനുവദിക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിസംഗത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേരള ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറല്‍ സെക്രട്ടറി ഇ.ടി.കെ. ഇസ്മയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
സ്വന്തം പണം മുടക്കി പദ്ധതി നിര്‍വഹണം നടത്തി ബില്ലും വൗച്ചറും സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയതിനു ശേഷം ഫണ്ട് വരുന്നതുവരെ കാത്തു നില്ക്കാന് പ്രഥമാധ്യാപകര്‍ ഉച്ചഭക്ഷണ പദ്ധതിയുടെ കരാറുകാരല്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ഫണ്ട് അനുവദിക്കാതെ സര്‍ക്കുലര്‍ ഇറക്കിയതുകൊണ്ടു മാത്രം ഭക്ഷണം തയാറാക്കാന്‍ സാധിക്കുകയില്ല. സ്കൂളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കേണ്ട പ്രഥമാധ്യാപകര്‍ ഉച്ചഭക്ഷണത്തിനു വേണ്ടി കടം വാങ്ങിച്ച് സമീപത്തുള്ള കടകള്‍ക്ക് മുന്നിലൂടെ തലതാഴ്ത്തി നടക്കേണ്ട അവസ്ഥ വച്ചുപൊറുപ്പിക്കാന്‍ സാധ്യമല്ല.
പ്രഥമാധ്യാപകര്‍ കോടതിയില്‍ പോകാന്‍ കാത്തുനില്‍ക്കാതെ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

