ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവ് നാൻസി പെലോസി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. 85 വയസുള്ള പെലോസി നാലു പതിറ്റാണ്ടായി ജനപ്രതിനിധിസഭാംഗമാണ്. ഇത്തവണത്തെ കാലാവധി 2027 ജനുവരിയിലാണ് അവസാനിക്കുന്നത്. അതിനുശേഷം മത്സരിക്കില്ലെന്നാണ് അവർ ഇന്നലെ വീഡിയോ സന്ദേശത്തിൽ അറിയിച്ചത്.
യുഎസിലെ ആദ്യ വനിതാ സ്പീക്കർ എന്ന ബഹുമതി പേറുന്ന പെലോസി ഏറ്റവും കരുത്തുറ്റ വനിതകളിലൊരാളുമായിരുന്നു. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കമലാ ഹാരിസിനു കൈമാറാൻ ജോ ബൈഡനെ പ്രേരിപ്പിച്ചതു പെലോസിയാണ്.

