വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സൊഹ്റാൻ മംദാനി നടത്തിയ പ്രസംഗം തന്നോടുള്ള ദേഷ്യം തീർക്കലായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്.
മംദാനിക്കു വേണ്ട പല കാര്യങ്ങൾക്കും അംഗീകാരം നല്കേണ്ടതു ഞാനാണെന്നും അതിനാൽ മംദാനി തന്നോട് മര്യാദയ്ക്കു പെരുമാറേണ്ടതുണ്ടെന്നും പക്ഷേ, മംദാനിയുടെ തുടക്കം പാളിപ്പോയിയെന്നും ട്രംപ് പറഞ്ഞു.
സോഷ്യലിസം പിന്തുടരുന്ന മംദാനിയെ കമ്യൂണിസ്റ്റുകാരനെന്നു മുദ്രകുത്തിയാണ് ട്രംപ് സംസാരിച്ചത്. ആയിരം വർഷമായി വിജയിക്കാത്ത കമ്യൂണിസം ഇക്കുറിയും വിജയിക്കില്ല. ന്യൂയോർക്കിൽ മംദാനി വിജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ഫെഡറൽ സർക്കാരിന്റെ ആസ്ഥാനമായ വാഷിംഗ്ടണിനോടു മംദാനി ബഹുമാനം കാണിക്കണം.
മംദാനിയുടെ വിജയം ഡെമോക്രാറ്റിക് പാർട്ടയുടെ തീവ്ര സോഷ്യലിസ്റ്റ് അജൻഡയുടെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസം അമേരിക്കയുടെ പരമാധികാരത്തിൽ ലേശം നഷ്ടം സംഭവിച്ചിരിക്കുന്നു. ന്യൂയോർക്കിൽ കുറച്ച് പരമാധികാരം ഇല്ലാതായി. പക്ഷേ അതു പരിഹരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വിജയപ്രഭാഷണത്തിൽ ട്രംപിനെ ലക്ഷ്യമിട്ടായിരുന്നു സംസാരിച്ചത്.

