ന്യൂയോർക്ക്: ധനവിനിയോഗ ബിൽ പാസാകാത്തതു മൂലമുള്ള സർക്കാർ സ്തംഭനം അമേരിക്കൻ വ്യോമഗതാഗത മേഖലയെയും ബാധിച്ചു. വിമാന സർവീസുകളിൽ പത്തു ശതമാനത്തിന്റെ കുറവു വരുത്താൻ തീരുമാനിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡുഫി അറിയിച്ചു. സർക്കാർ സ്തംഭനം മൂലം ശന്പളം ലഭിക്കാത്ത എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം.
യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലുള്ള 40 വിമാനത്താവളങ്ങളിലായിരിക്കും ഇന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരിക. ദിവസം 3500- 4000 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയേക്കും. അമേരിക്കയിലെ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ഓരോ ദിവസവും 44,000 വിമാന സർവീസുകളാണു കൈകാര്യം ചെയ്യുന്നത്.
ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ തർക്കം മൂലമാണു ധനവിനിയോഗ ബിൽ പാസാകാത്തത്. ഒക്ടോബർ ഒന്നിനു നിലവിൽ വന്ന സർക്കാർ സ്തംഭനം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. 14 ലക്ഷം സർക്കാർ ജീവനക്കാർ ശന്പളമില്ലാതെ ജോലി ചെയ്യുകയോ നിർബന്ധിത അവധിയിലോ ആണ്. ജീവനക്കാർ കടുത്ത മാനസിക സമ്മർദവും സാന്പത്തിക പ്രതിസന്ധിയും നേരിടുന്നതായി തൊഴിലാളി സംഘടനകൾ പറഞ്ഞു.

