കോട്ടയം: മൈബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ 39 ഇനം സാധനങ്ങള്‍ കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ആന്ധ്രപ്രദേശില്‍നിന്നുള്ള സിന്‍ഘു സൊല്യൂഷന്‍സിന് കൈമാറാന്‍ ധാരണയായതിനു പിന്നാലെയാണ് പുതിയ തീരുമാനം.
സുരക്ഷാകാര്യങ്ങള്‍, നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് കാരണങ്ങളായി കെഎസ്ആര്‍ടിസി പറയുന്നത്. സംസ്ഥാനത്തെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനമെന്ന നിലയില്‍ കെഎസ്ആര്‍ടിസി കൊറിയറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കേരളത്തില്‍ എത്തുന്ന സിന്‍ഘു സൊല്യൂഷന്‍സ് ആന്ധ്രയില്‍ 200 കോടി രൂപ വാര്‍ഷികവരുമാനമുള്ള സ്ഥാപനമാണ്.
കെഎസ്ആര്‍ടിസി 2023ല്‍ ആരംഭിച്ച കൊറിയര്‍ സര്‍വീസ് മാസങ്ങള്‍ക്കു മുന്‍പ് നിലച്ചിരുന്നു. പെട്ടെന്ന് കേടാകുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ സര്‍വീസ് ആദ്യഘട്ടത്തില്‍തന്നെ നിർത്തിയിരുന്നു. സാങ്കേതിക മേഖല അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഇന്‍ഫോ പാര്‍ക്ക്, ടെക്നോ പാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഒട്ടേറെപ്പേര്‍ക്ക് മൊബൈല്‍, ലാപ്ടോപ്പ് കൈമാറ്റം പ്രയോജനപ്പെട്ടിരുന്നു.
കൊറിയര്‍ സര്‍വീസിന് പുതിയ സോഫ്റ്റ് വെയര്‍ സംവിധാനവും നിലവില്‍ വരികയാണ്. കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങളുടെ മൂല്യവില ഉള്‍പ്പെടെ രേഖപ്പെടുത്തി അയയ്ക്കുന്നയാള്‍ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. പാഴ്സല്‍ ഏറ്റുവാങ്ങുന്നയാള്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ കാണിക്കണം.
തട്ടിപ്പുകാരില്നിന്നുളള സുരക്ഷയ്ക്ക് പാഴ്സല്‍ ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോയെടുത്ത് ഏജന്‍സി സൂക്ഷിക്കും. ദൂബായില്നിന്നുംമറ്റും കപ്പലില്‍ പാഴ്സല്‍ എത്തിച്ച് ജിഎസ്ടി വെട്ടിച്ച് വിലയുള്ള ഐ ഫോണ്‍ പോലുള്ള സാധനങ്ങള്‍ വൈറ്റില കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി കൊറിയറില്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നിരോധനമെന്നും പറയപ്പെടുന്നു.
സ്വകാര്യ ഏജന്‍സിക്ക് സര്‍വീസ് കൈമാറുന്നതോടെ പാഴ്സല്‍ സര്‍വീസില്‍ മൂന്നിരട്ടി വരുമാനമാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്. മുന്‍പ് 50 ലക്ഷം രൂപയായിരുന്നു കൊറിയര്‍ വരുമാനം. കെഎസ്ആര്‍ടിസിക്ക് നിലവില്‍ സംസ്ഥാനത്ത് 46 പാഴ്സല്‍ കേന്ദ്രങ്ങളാണുള്ളത്.

