സോൾ: ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നിരീക്ഷണ സംവിധാനങ്ങൾ വിക്ഷേപണത്തിന്റെ തയാറെടുപ്പുകൾ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു.
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്താണ് മിസൈൽ പതിച്ചതെന്നും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു.
മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ് വിശേഷിപ്പിച്ചു. ജർമനിയും മിസൈൽ പരീക്ഷണത്തെ അപലപിച്ചു.

