മക്കളേ, മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തി ഉപേക്ഷിക്കരുതേ എന്ന സന്ദേശവുമായി നിറകണ്ണുകളോടെ ഗാന്ധിഭവൻ അന്തേവാസികൾ കായംകുളം ഉപജില്ലാ കലോത്സവവേദിയിൽ എത്തിയത് വേറിട്ട അനുഭവമായി മാറി.
ബന്ധുക്കളാലും മക്കളാലും ഒറ്റപ്പെടലുകൾ അനുഭവിച്ചു ഗാന്ധിഭവന്റെ തണലിൽ കഴിയുന്ന പതിനഞ്ചോളം അച്ഛനമ്മമാരാണ് കായംകുളം ഉപജില്ലാ കലോത്സവ വേദിയിൽ പ്ലക്കാർഡുകളുമായി എത്തിയത്. മാതാപിതാ ഗുരു ദൈവം, മക്കളെ നിങ്ങൾ മാതാപിതാക്കളെ ഒറ്റപ്പെടുത്തരുതേ, മാതാപിതാക്കളെ ഉപേക്ഷിക്കരുതേ എന്നീ സന്ദേശങ്ങളിലുള്ള പ്ലക്കാർഡുകളുമായാണ് അന്തേവാസികൾ എത്തിയത്.
കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും കാണികളായ രക്ഷകർത്താക്കൾക്കും ഇത് വലിയ അനുഭവമായി. 96 വയസുള്ള ജാനകിയമ്മ മുതൽ, മുട്ടാർ പഞ്ചായത്ത് മുൻ അംഗമായിരുന്ന ബാലാമണിയമ്മയും സായാഹ്നശബ്ദം പത്രം മുൻ ബ്യൂറോ ചീഫ് അജയകുമാർ, സന്യാസിയായി ജീവിച്ച രാമചന്ദ്രപ്പണിക്കരും കായംകുളം സ്വദേശിയായ കണ്ണിന് കാഴ്ചയില്ലാത്ത പൊന്നമ്മയും കൊച്ചുമോനും ഉൾപ്പെടുന്ന ഗാന്ധിഭവനിലെ അന്തേവാസികളുടെ സംഘമാണ് കലോത്സവ വേദിയിൽ എത്തിയത് .

