ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി 15 വർഷത്തിനുശേഷം പിടിയിൽ. രാജസ്ഥാനിലെ സിക്കർ സ്വദേശിയായ നരോത്തം പ്രസാദാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഗുജറാത്തിൽനിന്ന് പിടികൂടിയ പ്രതിയെ ഡൽഹിയിലെത്തിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്താൻ പ്രസാദ് വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയ പ്രസാദിനെ, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
15 വർഷത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ചൊവ്വാഴ്ച ഡൽഹി പോലീസിന്റെ ഒരു സംഘം ഗുജറാത്തിലെത്തുകയും വഡോദരയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

