ഡൽഹി: വായു ഗുണനിലവാര സൂചിക 400 കടന്നതോടെ ഡൽഹിയിൽ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം. സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലുമാണു നിരോധനം.
ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്-3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ്-4 ഡീസല്‍ എന്ജിന് വാഹനങ്ങൾക്കുമാണ് നിരോധനം.
അടിയന്തര സ്വഭാവമില്ലാത്ത ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്കും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുണ്ട്. വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരില്‍ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍.

