ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ ആക്രമണം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളി പിടിയിൽ. ഇന്നലെ ഡൽഹിയിൽ വച്ചാണ് ജമ്മു കാഷ്മീർ പാംപോറിലെ സാംബൂറ നിവാസിയായ അമീർ റാഷിദ് അലിയെ എൻഐഎ പിടികൂടിയത്. ആക്രമണത്തിന്റെ ഗൂഢാലോചനയിലും നിർവഹണത്തിലും ഇയാൾക്കു പങ്കെണ്ടെന്നു അന്വേഷ ണവൃത്തങ്ങൾ പറഞ്ഞു.
അറസ്റ്റിലായ ഭീകരന് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന കളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ആ കാർ വാങ്ങുന്നതിന് സൗകര്യമൊരുക്കാനാണ് അലി ഡൽഹിയിൽ എത്തിയത്. ആക്രമണത്തിൽ ഉൾപ്പെട്ട വെളുത്ത ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഡൽഹി പോലീസ്, ജമ്മു കാഷ്മീർ പോലീസ്, ഹരിയാന പോലീസ്, യുപി പോലീസ്, വിവിധ അന്വേഷണ ഏജൻസികൾ എന്നിവയെ ഏകോപിച്ചുള്ള എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ബോംബാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും കുറിച്ചുള്ള വിശാലമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ.
ഡിഎൻഎ പരിശോധനയിൽ അമ്മയുടെ സാമ്പിളുമായി സാമ്യം കണ്ടെത്തിയതിനെത്തുടർന്ന്, ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയത് ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഡോ. ഉമർ ഉൻ നബിയാണെന്ന് ഡൽഹി പോലീസ് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റവരും സാക്ഷികളുമുൾപ്പെടെ 73ലേറെപ്പേരിൽനിന്ന് എൻഐഎ ഇതുവരെ വിവരങ്ങൾ ശേഖരിച്ചു. ഉമർ നബിയുടെ മറ്റൊരു വാഹനം തെളിവിനായി ഭീകരവിരുദ്ധ ഏജൻസി പിടിച്ചെടുത്തു. ഡൽഹി സ്ഫോടനത്തെ ഒരു കൂട്ടം ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ “വൈറ്റ് കോളർ’ ഭീകരതയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.

