കൊച്ചി: കാലിക്കറ്റ് സര്വകലാശാലയിലെ വിസി നിയമനത്തിന് ഗവര്ണര് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് നല്കിയ ഹര്ജി ഹൈക്കോടതി ഇന്നു പരിഗണിക്കും . സെര്ച്ച് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര് 31നും വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നവംബര് മൂന്നിനും പുറപ്പെടുവിച്ച വിജ്ഞാപനങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്ജി.
കാലിക്കറ്റ് സര്വകലാശാല വിസിയുടെ കാലാവധി 2024 നവംബര് പത്തിന് അവസാനിച്ചതിനാല് കെമസ്ട്രി വിഭാഗം പ്രഫസര് ഡോ. പി. രവീന്ദ്രന് താല്ക്കാലിക ചുമതല നല്കിയിരിക്കുകയാണ്. സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബര് ഒമ്പതിന് സെര്ച്ച് കമ്മിറ്റിയില് നിന്ന് രാജിവെച്ചതിനാല് ചാന്സലര് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് ഹര്ജിയില് ചൂണ്ടിക്കാട്ടുന്നത്. വിശദീകരണത്തിന് ചാന്സലറുടെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്ന്നാണ് ഹര്ജി ഇന്ന് വീണ്ടും പരിഗണിക്കാന് ജസ്റ്റിസ് വി.ജി. അരുണ് മാറ്റിയത്.

