കായംകുളം: 1,000, 500 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ വെട്ടിലായത് സംസ്ഥാനത്തെ ഹോട്ടലുകളാണ്. നഗരത്തിലെല്ലാം ഹര്‍ത്താല്‍ പ്രതീതിയായതോടെ ഹോട്ടലുകളില്‍ ഒന്നും കച്ചവടം ഇല്ലാതായി. സാധാരണ പോലെ ഉച്ചയൂണും ബിരിയാണിയും തയാറാക്കിയ ഹോട്ടലുകാര്‍ ഇനി എന്തു ചെയ്യുമെന്നാണ് ചോദിക്കുന്നത്.
നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് രാവിലെ പ്രഖ്യാപിച്ചവര്‍ എന്തെങ്കിലും തന്ന് ഭക്ഷണം കഴിക്കൂ എന്ന നിലപാടിലേക്ക് ഉച്ചയോടെ മാറി. പല ഹോട്ടലുകള്‍ക്ക് മുന്നിലും 1,000, 500 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുമെന്ന ബോര്‍ഡും ഉയര്‍ന്നു.
കായംകുളത്തെ പ്രശസ്തമായ എസ്‌കെ ചിക്കന്‍ സെന്ററിലാണ് ഇത്തരത്തിലൊരു ബോര്‍ഡ് പ്രത്യക്ഷപെട്ടത്. സാധാരണ ദിവസങ്ങളില്‍ ഉച്ചയൂണിന് നല്ല തിരക്കുള്ള ഇവിടെ ഇന്ന് ആളുകള്‍ കുറഞ്ഞതോടെയാണ് കടയുടമ ബോര്‍ഡ് തൂക്കിയത്. ഇതിന് ശേഷം ചിലര്‍ വന്ന് ബിരിയാണ് കഴിക്കാന്‍ തയാറായി. 500 രൂപയുമായി വരുന്നവര്‍ മുഴുവന്‍ പൈസയ്ക്കും കഴിക്കേണ്ടി വരുമോ എന്ന കടയുടമയോട് തിരക്കിയ ശേഷമാണ് ഓര്‍ഡര്‍ ചെയ്യാന്‍ തയാറാകുന്നത്. ചിലര്‍ ബോര്‍ഡ് കണ്ട് ചില്ലറ നേടാന്‍ മാത്രം കഴിക്കാന്‍ വന്നുവെന്നും കടയുടമ പറയുന്നു.
ചെറുകിട കച്ചവട സ്ഥാപനങ്ങളിലെല്ലാം 1,000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല എന്ന ബോര്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. ചില്ലറയ്ക്കായി ലോട്ടറി എടുക്കുന്നവരും പമ്പില്‍ കയറി വലിയ അളവില്‍ ഇന്ധനം നിറയ്ക്കുന്നവരും നിരവധിയാണ്. പച്ചക്കറി, പഴം വിപണികളിലും കച്ചവടം വലിയ തോതില്‍ കുറഞ്ഞു. ചില നഗരങ്ങളിലെ കടകള്‍ ഉച്ചയ്ക്ക് മുന്‍പ് തന്നെ അടച്ചു. ഇതും വ്യാപര മേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കി.