റിയാദ്: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ദമാമില്‍ മലയാളി മരിച്ചു. കോട്ടയം മണര്‍കാട് ഐരാറ്റുനട ആലുമ്മൂട്ടില്‍ പി.സി. തോമസിന്റെ (ബേബിച്ചന്, ദീപിക മുന്‍ ഉദ്യോഗസ്ഥന്) മകന് ലിബു തോമസ്(45) ആണ് മരിച്ചത്.
വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടമായി റോഡരികിലെ മാലിന്യശേഖരണ പെട്ടിയില്‍ ഇടിച്ചുനിന്ന വാഹനത്തിൽനിന്നുപുറത്തിറങ്ങിയ ലിബു കുഴഞ്ഞുവീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയും ഉടന്‍ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇതിനിടയില്‍ നില വഷളായി ഹൃദയാഘാതം മൂലം മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ട്യൂഷനു പോയിരുന്ന മക്കളെ തിരികെ എത്തിക്കാനായി പോകുന്ന വഴിയിലാണ് ഹൃദയാഘാതം ഉണ്ടായത്.
അമ്മ: അന്നമ്മ തോമസ്. ഭാര്യ: മഞ്ജുഷ (ദമാം കിംഗ് ഫഹദ് ആശുപത്രി സ്റ്റാഫ് നഴ്സ്), മക്കള്‍: ഏബല്‍, ഡാന്‍ (ദമാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). 12 വര്‍ഷത്തിലേറെയായി സൗദിയില്‍ പ്രവാസിയായ ലിബു നിലവില്‍ ദമാമില്‍ ഹമദ് എസ്. ഹാസ് വാസ് കമ്പനിയിലെ ജീവനക്കാരനാണ്.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

