തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ട്രാൻസ് വുമണ്‍ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റിൽ മത്സരിക്കാമെന്ന് സ്ഥിരീകരണം.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്ന ഇന്നലെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. രേഖകൾ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിർദേശപത്രിക അംഗീകരിച്ചത്.
ട്രാൻസ്വുമണായ അമേയയുടെ പേരിനൊപ്പം ട്രാൻസ് ജെൻഡർ എന്ന് രേഖപ്പെടുത്തിരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. വിഷയത്തിൽ അമേയ ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യത്തിൽ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അമേയയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് വരണാധികാരിയും വ്യക്തമാക്കിയതോടെയാണ് സ്ഥാനാർഥിത്വത്തിന് കളമൊരുങ്ങിയത്.

