ചെങ്ങന്നൂർ: ഭൂമി തരംമാറ്റി നൽകാമെന്നു ധരിപ്പിച്ചു പ്രവാസിയിൽനിന്ന് 62.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് മുളക്കുഴ പിരളശേരി മെറീസ ബംഗ്ലാവിൽ സുബിൻ മാത്യു വർഗീസ് (38) ആണ് അറസ്റ്റിലായത്. പുത്തൻകാവ് ഇടവത്ര പീടികയിൽ ഫിലിപ്പ് മാത്യു നൽകിയ പരാതിയിലാണ് അറസ്റ്റ്.
സുബിൻ മാത്യു, ചെങ്ങന്നൂർ സ്വദേശികളായ ചന്ദ്രൻ, ആംബുലൻസ് ഡ്രൈവറായ സാംസൺ എന്നിവർ ചേർന്നു പലപ്പോഴായി 62,72,415 രൂപ തട്ടിയെടുത്തതായി ചെങ്ങന്നൂർ പോലീസിൽ ഫിലിപ്പ് മാത്യു പരാതി നൽകിയിരുന്നു.
ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ ജോർജിന്റെ പേരിൽ തിരുവനന്തപുരം കുറവൻകോണത്തുള്ള ഭൂമി തരംമാറ്റി കൊടുക്കാം എന്നു വിശ്വസിപ്പിച്ചാണു ഫിലിപ്പ് മാത്യുവിന്റെ അക്കൗണ്ടിൽനിന്നു ചെക്ക് വഴിയും നേരിട്ടും പണം കൈപ്പറ്റിയത്.
സുബിനും അയാൾ പറഞ്ഞതനുസരിച്ച് ചന്ദ്രനും പലപ്പോഴായാണു തുക കൈപ്പറ്റിയതെന്നും വസ്തു തരംമാറ്റി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്തില്ലെന്നുമാണു പരാതി. കോടതിയിൽ ഹാജരാക്കിയ സുബിനെ ജാമ്യത്തിൽവിട്ടു.

