ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ സര്‍ക്കാരിന്റെ സമീപനം ന്യായീകരിക്കാനാവുന്നതല്ല :പ്രേമചന്ദ്രന്‍

klm-nkpremachandranകൊല്ലം: കള്ളപ്പണം തടയുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലായെന്നു നടിക്കുന്ന സര്‍ക്കാര്‍ സമീപനം ന്യായീകരിക്കാവുന്നതല്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ വേണ്ടി അവധി ദിവസങ്ങളില്‍ പോലും വിശ്രമമില്ലാതെ പണിയെടുത്ത ബാങ്ക് ജീവനക്കാരുടെ സേവനം അഭിനന്ദാര്‍ഹമാണ്. സേവനം നടത്തുവാനും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാനും ബാങ്കുകള്‍ സജ്ജമായാലും അതിന് അവര്‍ക്കാവശ്യമായ നോട്ടുകള്‍ എത്തിക്കുന്നതിന് റിസര്‍വ്ബാങ്കിനോ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങള്‍ക്കോ കഴിയുന്നില്ല.

ജനങ്ങളും ബാങ്ക് ജീവനക്കാരും പരമാവധി സഹകരണത്തിന്റെ പാതയിലാണ്. എന്നാല്‍ സഹിക്കാവുന്നതിലുമപ്പുറം ബുദ്ധിമുട്ടുകള്‍ വരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു നോട്ടിന്റെ ക്ഷാമം പരിഹരിക്കുന്നതിനുള്ള കാലാവധി നീട്ടിക്കിട്ടുവാന്‍ കേന്ദ്ര ധനമന്ത്രാലയം മുന്നോട്ടു വയ്ക്കുന്ന നിലപാടുകള്‍ യുക്തിക്ക് നിരക്കാത്തതും ജനജീവിതം ദുസഹമാക്കുന്നതുമാണ്.

വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ റയില്‍വേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റാന്റുകളിലുമെത്തുന്ന സാധാരണക്കാരുടെ പാര്‍ക്കിംഗ് ഫീസ് ഇളവു ചെയ്യാത്തത് സര്‍ക്കാരിന്റെ സമ്പന്നവര്‍ഗ താല്പര്യ സംരക്ഷണത്തിന്റെ തെളിവാണ്. റയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസ് പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പേരില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ദുരിതം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

Related posts