കറന്‍സിക്ഷാമം: ജാതിക്ക വിപണിയില്‍ ചരക്കുനീക്കം നിലച്ചു

EKM-JATHIKKAസിജോ പൈനാടത്ത്

കൊച്ചി: കറന്‍സി വിനിമയത്തിലെ മാന്ദ്യം ജാതിക്ക വിപണിയെയും കര്‍ഷകരെയും ദുരിതത്തിലാക്കി. ജാതിക്കയുടെയും പത്രിയുടെയും വില വലിയ തോതില്‍ താഴ്ന്നു. ചെറുകിട, മൊത്ത വ്യാപാരികള്‍ ചരക്കെടുക്കുന്നതു കുറച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലേക്കുള്ള ചരക്കുനീക്കം നിലച്ചു. കിലോയ്ക്കു നൂറു രൂപയോളം ജാതിക്ക പരിപ്പിനും പത്രിയ്ക്കും ശരാശരി വില താഴ്ന്നിട്ടുണ്ട്. കറന്‍സി പ്രതിസന്ധിക്കു മുമ്പ് 500 രൂപ വരെയുണ്ടായിരുന്ന പരിപ്പിന് ഇപ്പോള്‍ 400-420 ആണ്. ഫളവറിന് 900 രൂപയില്‍ നിന്നു 750-775 ലേക്കാണുവില താഴ്ന്നത്. ജാതിക്ക തൊണ്ടോടു കൂടിയതിന് ഈ മാസം ആരംഭിക്കുമ്പോള്‍ 300 രൂപയായിരുന്നു വില. ഇപ്പോഴിത് 240 ലെത്തി. അഞ്ഞൂറു രൂപയുണ്ടായിരുന്ന ജാതി പത്രിക്ക് ഇപ്പോള്‍ കര്‍ഷകനു കിട്ടുന്നത് 400 ല്‍ താഴെ.

സംസ്ഥാനത്തു ജാതിക്കയുടെ പ്രധാന വിപണിയായ കാലടി-അങ്കമാലി മേഖലയില്‍ വ്യാപാരം നിലച്ച മട്ടാണ്. പണം കൊടുക്കാനില്ലാത്തതിനാല്‍ ചെറുകിട വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും കാര്യമായി ചരക്കെടുക്കുന്നില്ലെന്നു ജാതിക്ക ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജോര്‍ജ് പറഞ്ഞു. കട തുറന്നുവയ്ക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. സ്ഥിരമായെത്തുന്ന കര്‍ഷകര്‍ പണം വാങ്ങാതെ നിര്‍ബന്ധിച്ച് ചരക്ക് ഏല്‍പിച്ചുപോവുകയാണ്. എന്നാല്‍, ഹോള്‍സെയില്‍ വ്യാപാരികള്‍ ചരക്കെടുക്കുന്നത് കുറച്ചതോടെ ഇതു കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ചെറുകിട കച്ചവടക്കാരും പ്രതിദിനം ലക്ഷം രൂപയിലധികം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് കര്‍ഷകരില്‍ നിന്നു ചരക്ക് ശേഖരിക്കുന്നതിനായി സൂക്ഷിച്ചിരുന്നത്. ഇതിപ്പോള്‍ നടക്കുന്നില്ല. ബാങ്കില്‍ കാത്തുനിന്നാലും ഇത്രയും തുക ഒരാഴ്ചകൊണ്ടും കിട്ടാത്ത സ്ഥിതിയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ വാങ്ങാന്‍ കര്‍ഷകര്‍ തയാറുമല്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നുവെന്ന പ്രചാരണവും കച്ചവടക്കാരെ ആശങ്കയിലാക്കുന്നു.

സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടമെടുത്തു തോട്ടം വാങ്ങിയവരും ചരക്ക് ശേഖരിച്ചവരും കടക്കെണിയിലേക്കു നീങ്ങുന്ന സ്ഥിതിയാണ്. മൊത്ത കച്ചവടക്കാരും കയറ്റുമതി ചെയ്യുന്നവരും ചരക്കെടുക്കുന്നതിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു പ്രധാനമായും മുംബൈ, കോല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണു ചരക്കു കയറ്റിപ്പോയിരുന്നത്. അവിടുത്തെ വ്യാപാരികളും താത്കാലികമായി കച്ചവടം നിര്‍ത്തിവച്ച നിലയിലാണ്. ഇന്ത്യയ്ക്കു പുറത്തേക്കുള്ള കയറ്റുമതിക്കു തടസമില്ലെങ്കിലും ഇതു നാമമാത്രമാണ്.

ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷകരും ചെറുകിട, ഹോള്‍സെയില്‍ വ്യാപാരികളും ശേഖരിച്ചുവച്ചിട്ടുള്ള ടണ്‍ കണക്കിനു ജാതിക്ക പരിപ്പും പത്രിയും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകും. വിറ്റുപോകാത്ത ജാതിക്ക പരിപ്പും പത്രിയും ഉപയോഗശൂന്യമാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കും ചെറുകിടവ്യാപാരികള്‍ക്കുമുണ്ട്.

Related posts