കടുത്തുരുത്തി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. കല്ലറ പോലീസ് സ്റ്റേഷന് വൈക്കം കോടതിയുടെ പരിധിയിലെന്ന് നിശ്ചയിച്ച് ഹൈക്കോടതി.
വൈക്കം കോടതിയിലെ അഭിഭാഷകനും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് സെന്റര്‍ പ്രസിഡന്റുമായ ശ്രീകാന്ത് സോമന് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റീസ് സൗമിത്ര സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ഹര്‍ജി പരിഗണിച്ചപ്പോള്‍ കല്ലറ പോലീസ് സ്റ്റേഷന് വൈക്കം മജിസ്ട്രേറ്റ് കോടതിയുടെ പരിധിയില്‍ വേണമെന്ന ആവശ്യം പരിഗണയിലാണെന്ന് കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റും ജില്ലാ പോലീസ് മേധാവിയും കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് അതിവേഗം തീരുമാനം എടുക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ എസ്. മുഹമ്മദ് അല്‍ റാഫി, തജുന മരിയ ഫ്രാന്‍സീസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
