ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന കന്നഡ സൂപ്പർ താരം യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രമായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സി’ ന്റെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും മുന്പ് അറിയിച്ചിരുന്നു. അപ്രകാരം, 2026 മാർച്ച് 19ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ 4ലേക്കാണ് മാറ്റിയിരുന്നത്.
എന്നാൽ ചിത്രത്തന്റെ റിലീസ് തീയതി ഇപ്പോൾ വീണ്ടും നീട്ടിവച്ചു. നിലവിൽ സിനിമാകോണിൽ നിന്ന് ലഭിച്ച ആഗോളതലത്തിലുള്ള വമ്പിച്ച പ്രതികരണത്തെത്തുടർന്ന് ലോകമെമ്പാടും ഒരേസമയം ചിത്രം എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായും ആഗോള വിതരണ കരാറുകൾ ക്രമീകരിക്കുന്നതിനാലാണ് ജൂൺ 4ലെ റിലീസ് മാറ്റുന്നതെന്നും യഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പുതിയ ആഗോള റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നും യഷ് കൂട്ടിച്ചേർത്തു.
