മുംബൈ: ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയുടെ 2015-16 സീസണ് അവസാനിക്കുമ്പോള്‍ ബാറ്റിംഗില്‍ മുംബൈയുടെ ശ്രേയസ് അയ്യരും ബൗളിംഗില്‍ ഷഹബാസ് നദീമും മുന്നില്‍. ഭാവി ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷകളാവുകയാണ് ഇരുവരും. ഇതില്‍ ഏറ്റവും ശ്രദ്ധേയം നദീമിന്റെ പ്രകടനമാണ്. ഈ സീസണില്‍ ഒമ്പതു മത്സരങ്ങളില്‍നിന്ന് 51 വിക്കറ്റുകളാണ് നദീം കൊയ്തത്. 2006-07 സീണില്‍ ബംഗാളിന്റെ റാണദേവ് ബോസ് 51 വിക്കറ്റ് നേടിയ ശേഷം ഒരു താരം കൈവരിക്കുന്ന മികച്ച നേട്ടം. 19.62 ശരാശരിയിലാണ് ഈ ജാര്‍ഖണ്ഡ് താരം ഇത്രയും വിക്കറ്റുകള്‍ കൊയ്തത്.
ക്വാര്‍ട്ടറില്‍ പുറത്തായ ടീമാണ് ജാര്‍ഖണ്ഡ്. 50 വിക്കറ്റ് നേടിയ ആസാമിന്റെ കൃഷ്ണദാസാണ് പട്ടികയില്‍ രണ്ടാമന്. പ്രാഥമിക റൗണ്ടില്‍ ജാര്‍ഖണ്ഡ് വിജയിച്ച മൂന്നു മത്സരങ്ങളിലും നിര്‍ണായകമായത് നദീമിന്റെ പ്രകടനമാണ്. കേരളത്തിനെതിരേ മലപ്പുറത്തു നടന്ന മത്സരത്തില്‍ 23.5 ഓവറില്‍ 45 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് നേടിയ പ്രകടനമാണ് ഇതില്‍ മികച്ചത്. ത്രിപുരയ്ക്കെതിരേ രണ്ടാം ഇന്നിംഗ്സില്‍ ആറു വിക്കറ്റും ഹാമാചലിനെതിരേ രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റും നദീം സ്വന്തമാക്കി. ആദ്യ രണ്ടു വിജയങ്ങളും ഇന്നിംഗ്സിനായിരുന്നു. സഹതാരം രാഹുല്‍ ശുക്ല 21 വിക്കറ്റ് നേടി. കേരളത്തിന്റെ മോനിഷാണ് പട്ടികയില്‍ മൂന്നാമന്. എട്ടു മത്സരങ്ങളില്‍നിന്ന് മോനിഷ് 49 വിക്കറ്റുകള്‍ നേടി.
ബാറ്റിംഗില്‍ മിന്നുന്ന പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിയത്. 11 മത്സരങ്ങളില്‍നിന്ന് 73.38 ശരാശരിയില്‍ 1321 റണ്‍സാണ് ഈ മുംബൈ താരം അടിച്ചുകൂട്ടിയത്. ഇതില്‍ നാലു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയുമുണ്ട്. മുംബൈയുടെ തന്നെ ഹെര്‍വാദ്കറാണ്(879) രണ്ടാമത്.ഈ സീസണില്‍ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ ഒഡീഷയുടെ നട്രാജ് ബെഹ്റ പുറത്താകാതെ ഹരിയാനയ്ക്കെതിരേ നേടിയ 255 റണ്‍സാണ്. മികച്ച ബൗളിംഗ് മധ്യപ്രദേശിന്റെ ജലജ് സക്സേനയുടെ പേരിലാണ്. റെയില്‍വേസിനെതിരേ നടന്ന മത്സരത്തില്‍ 59 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് മുംബൈയുടെ ആദിത്യ താരെയുടെ പേരിലാണ്; 48. ഇതില്‍ 45 ക്യാച്ചുകളും മൂന്നു സ്റ്റംപിംഗും പെടും. ഇതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡ് താരെ സ്വന്തമാക്കി. ആന്ധ്രയുടെ ശ്രീകര്‍ ഭരതിന്റെ പേരിലായിരുന്നു ഈ റിക്കാര്‍ഡ്. 2014-15 സീസണില്‍ അദ്ദേഹം 46 പേരെ പുറത്താക്കിയിട്ടുണ്ട്. ബാറ്റിംഗിലും താരെ തിളങ്ങി. 11 മത്സരങ്ങളില്‍നിന്ന് 588 റണ്‍സ് അദ്ദേഹം സ്വന്തമാക്കി.