കണ്ണനുമുന്നില്‍ തൊഴുകൈയോടെ രാഷ്ട്രപതി

TCR-PRANAVUആര്‍. ജയകുമാര്‍
ഗുരുവായൂര്‍: കണ്ണനെ കണ്ട് ഇന്ത്യയുടെ പ്രഥമ പൗരന്‍ തൊഴുകൈകളോടെ ഏറെനേരം നിര്‍ന്നിമേഷനായി നിന്നു. ചെറിയ ഉരുളിയില്‍ നെയ്യ്, കദളിക്കുല, കാണിക്ക എന്നിവ സോപാനത്തില്‍ സമര്‍പ്പിച്ചു. പ്രാര്‍ഥനയ്‌ക്കൊടുവില്‍ മേല്‍ശാന്തി കാവപ്രമാറത്ത് നാരായണന്‍ നമ്പൂതിരി പ്രസാദം നല്‍കി.നാലമ്പലത്തിനുള്ളില്‍ ഉപദേവനായ ഗണപതിയെ തൊഴുതശേഷം പുറത്തുകടന്ന രാഷ്ട്രപതി, ഉപദേവന്മാരയ ഭഗവതിയെയും അയ്യപ്പനെയും തൊഴുതു. ഉപദേവന്മാര്‍ക്കു മുന്നില്‍ നക്ഷത്രം പറഞ്ഞ് പുഷ്പാഞ്ജലി നടത്തി. ധനു രാശിയില്‍ പൂരാടം നക്ഷത്രത്തിലായിരുന്നു പുഷ്പാഞ്ജലി. പ്രസാദം നല്‍കിയ കീഴ്ശാന്തിക്കാര്‍ക്കു ദക്ഷിണയും നല്‍കി. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കാഴ്ചശീവേലിയും മേളവും ഏതാനും മിനിറ്റ് ആസ്വദിച്ചു.

വൈകീട്ട് 5.10ഓടെയാണ് രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അര മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷം പുറത്തുകടന്ന രാഷ്ട്രപതി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി.    ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാമിന്റെ രണ്ടു സ്വര്‍ണ ലോക്കറ്റ് രാഷ്ട്രപതി വാങ്ങി. ഇതിനായി 54,000 രൂപ ദേവസ്വത്തില്‍ അടച്ചു. ചുമര്‍ചിത്രം, നാരായണീയം ബുക്ക് എന്നിവ ദേവസ്വത്തിന്റെ ഉപഹാരമായി രാഷ്ട്രപതിക്കു നല്‍കി. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ കൃഷ്ണനാട്ടം ഒരുക്കിയിരുന്നെങ്കിലും സമയക്കുറവുകാരണം കാണാതെ രാഷ്ട്രപതി 5.50ഓടെ കൊച്ചിയിലേക്കു മടങ്ങി.

Related posts