നെല്ലുല്‍പാദനം കൂട്ടണമെന്ന് സര്‍ക്കാര്‍; കൊയ്ത നെല്ലെടുക്കാന്‍ ആളില്ലെന്ന് കര്‍ഷകര്‍

TCR-NELLUതൃശൂര്‍: നിലങ്ങള്‍ തരിശായി ഇടാതെ നെല്‍കൃഷി വ്യാപകമാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാരിനെ ഇപ്പോള്‍  കാണാനില്ലെന്ന് നെല്‍കര്‍ഷകര്‍. നെല്‍കൃഷി നടത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും പണം കടമെടുത്ത് കൃഷി നടത്തി നെല്ലുല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്ത കര്‍ഷകരാണ് ഇപ്പോള്‍ നടുക്കടലില്‍ അകപ്പെട്ട അവസ്ഥയിലായിരിക്കുന്നതെന്ന് കോള്‍പടവ് സഹകരണ സംഘം ഭാരവാഹികള്‍ പറഞ്ഞു. ബാങ്കില്‍ നിന്ന് കടമെടുത്തും പലിശയ്ക്കുവാങ്ങിയുമൊക്കെയാണ് നെല്‍കര്‍ഷകര്‍ കൃഷിയിറക്കിയത്. സ്ഥലം വെറുതെ തരിശായി ഇട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വന്ന് കൈയേറുകയായിരുന്നു പല സ്ഥലത്തും.

ഇതിനാലാണ് പണം പലിശയ്ക്കു വാങ്ങി പല കര്‍ഷകരും നെല്‍കൃഷി നടത്താനിറങ്ങിയത്. ഇപ്പോള്‍ നെല്ല് ആരും വാങ്ങാനാളില്ലാതെ നശിക്കുമ്പോള്‍ സ്ഥലം കൈയേറാന്‍ വരുന്ന പാര്‍ട്ടിക്കാരുമില്ല സര്‍ക്കാരുമില്ലെന്ന സ്ഥിതിയാണ്. നേരത്തേ നെല്ല് വാങ്ങിയാല്‍ പണം കിട്ടാന്‍ പട്ടിണി സമരം നടത്തേണ്ട ഗതികേടായിരുന്നു. ഇപ്പോള്‍ ഉല്‍പാദിപ്പിച്ച നെല്ല് വാങ്ങാന്‍ പോലും ആരുമില്ലാതായി. സര്‍ക്കാരാകട്ടെ നെല്ല് സംഭരിക്കാന്‍ നടപടിയുമെടുക്കുന്നില്ല. ആരും സഹായമില്ലാതെ ആത്മഹത്യയുടെ വക്കിലാണ് നെല്‍കര്‍ഷകര്‍.

മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നെല്ലു സംഭരണം നിര്‍ത്തിവച്ചതെന്നു പറയുന്നു. ഇതോടെ ജില്ലയിലെ മുപ്പതിനായിരം ഏക്കോറോളം നെല്‍കൃഷിയാണ് നഷ്ടത്തിലായിരിക്കുന്നത്. ഇതിനെല്ലാം പുറമേ കൃഷി നാശവും കര്‍ഷകരെ വലച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊയ്‌തെടുത്ത നെല്ല് സംഭരിക്കാതെ കെട്ടികിടക്കുന്നത്. കഴിഞ്ഞമാസം വേനല്‍മഴയില്‍ കൃഷിനാശം സംഭവിച്ചു.

പുല്ലഴി കോള്‍ പടവില്‍ അമ്പത് ലോഡ് നെല്ല് പാടത്ത് ടാര്‍പായ ഇട്ട് മൂടിയ നിലയിലാണ്. സംഭരണം നിര്‍ത്തിയതോടെ ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്ല് കൊയ്തിട്ടില്ല. നെല്‍കര്‍ഷകരുടെ ദുരവസ്ഥ കണക്കിലെടുത്ത് കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കോള്‍കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ.കൊച്ചുമുഹമ്മദ് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. നെല്ല് കയറ്റിക്കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കണമെന്ന് പുല്ലഴി കോള്‍പടവ സഹകരണ സംഘം പ്രസിഡന്റ് കൊളങ്ങാട് ഗോപിനാഥനും അഭ്യര്‍ഥിച്ചു.

Related posts