പോത്തന്‍കോട് : ആക്ടീവ സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചു പറിച്ചു. കോലിക്കോട് മേലേവിള വീട്ടില്‍ റിങ്കു റ്റി നായരുടെ രണ്ടേമുക്കാല്‍ പവന്റെ മാലയാണ് കവര്‍ന്നത്. പോത്തന്‍കോട് കോലിയക്കോട് കലുങ്ക് ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെ പതിന്നൊരയ്ക്കാണ് സംഭവം. പോത്തന്‍കോട് മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകവേ പിന്നാലെ ബുള്ളറ്റ് ബൈക്കില്‍ വന്ന ഹെല്‍മറ്റ് ധരിച്ച രംഗ സംഘമാണ് കഴുത്തിലടിച്ച് മാല പിടിച്ചു പറിച്ച് കടന്നത്.
വാഹനത്തിന് നിയന്ത്രണം തെറ്റി റോഡില്‍ വീണ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സതേടി. ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് വച്ച് കോലിയക്കോട് സ്വദേശിയായ ഒരു അഭിഭാഷകയുടെയും മറ്റൊരു സ്കൂള്‍ അധ്യാപികയുടെയും മൂന്നര പവന് വീതമുള്ള മാലകള്‍ ഇതേ രീതിയില്‍ കവര്‍ന്നിരുന്നു. രണ്ട് കേസിലും ആരെയും ഇതുവരെയും പിടികൂടാന്‍ പോത്തന്‍കോട് പോലീസിന് കഴിഞ്ഞിട്ടില്ല. സദാ തിരക്കുള്ള ബൈപ്പാസ് റോഡില്‍ നടക്കുന്ന ഇത്തരം കവര്‍ച്ചകള്‍ നാട്ടുകാരെ ഭയചകിതരാക്കിയിട്ടുണ്ട്. പോത്തന്‍കോട് പോലീസ് കേസെടുത്തിട്ടുണ്ട്.