ചുവന്ന നിറത്തോട് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് എം. മുകുന്ദന്‍

KNR-MMUKUNDANകണ്ണൂര്‍: ചുവന്ന നിറത്തോടു തനിക്ക് ഇതുവരെയുണ്ടായ താല്‍പര്യം ഇപ്പോഴില്ലെന്നു സാഹിത്യകാരന്‍ എം. മുകുന്ദന്‍. ജീവിതകാലം മുഴുവന്‍ ഒരേ കാഴ്ചപ്പാട് തുടരാനാവില്ല. കാലാനുസൃതമായി തന്റെ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഒരിക്കല്‍ കൂടി എന്ന വിഷയത്തില്‍ കണ്ണൂര്‍ എസ്എന്‍ കോളജില്‍ സംഘടിപ്പിച്ച ‘എം. മുകുന്ദനൊപ്പം ഒരുദിനം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കാഴ്ചപ്പാടുകള്‍ മാറിമാറി വരികയാണ്. താനൊരിക്കലും ബിജെപി സാഹിത്യം എഴുതില്ല. രാഷ്ട്രീയ കാഴ്ചപ്പാടില്‍ രാജ്യത്ത് തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

തന്റെ കാഴ്ചപ്പാടിലും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തുണ്ടായ പുതിയ പാര്‍ട്ടിയാണ് ജെഎന്‍യു. പുതിയ ദേശീയ നേതാവാണ് കനയ്യയെന്നും മുകുന്ദന്‍ പറഞ്ഞു. മയ്യഴിയുടെ പാര്‍ശ്വജീവിതം എന്ന വിഷയത്തില്‍ ഡോ. പി.കെ. രാജശേഖരന്‍ പ്രബന്ധാവതരണം നടത്തി. എസ്എന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എന്‍. സാജന്‍ മോഡറേറ്ററായിരുന്നു. കെ.വി. ശരത്ചന്ദ്രന്‍, ഡോ. പി.വി. ലസിത, എം.പി. ഷനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts