കണ്ണൂർ: കന്നുകാലികളെ കശാപ്പിനായി വിപണനം ചെയ്യുന്നതു നിരോധിച്ച കേന്ദ്രസർക്കാർ നടപടി ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നതുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലുള്ള നിയമത്തിന് വിരുദ്ധമായ ചട്ടങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.മനുഷ്യന് ഭക്ഷണത്തിനായി ഏത് മൃഗത്തിനെയും കൊല്ലാമെന്നും മൃഗങ്ങൾക്ക് മൂക്കുകയറിടാമെന്നും കൊന്പുമുറിക്കാമെന്നും ചാപ്പകുത്താമെന്നും നിയമത്തിൽ പറയുന്നുണ്ടെന്നും കാനം പറഞ്ഞു.
ആടുമാടുകളെ വളർത്തി കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കർഷകർ കുറച്ചുകാലം കഴിഞ്ഞ് അതിനെ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് അടുത്തതിനെ വാങ്ങുന്നത്. ഈ ശൃംഖലയാണ് ഇപ്പോൾ തകരാൻ പോകുന്നത്- കാനം പറഞ്ഞു.
കന്നുകാലികൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പെടുന്നവയാണ്. അത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതാണ്. മൃഗങ്ങൾക്കെതിരായ ക്രൂരത എന്നത് സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിൽ പെടുന്നതാണ്. കേരളത്തിൽ ഇത് നടപ്പിലാക്കില്ല എന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കാനം വ്യക്തമാക്കി.
