ഇ. അനീഷ്
കോഴിക്കോട്: സംസ്ഥാനത്തിന് അനുയോജ്യമായ വൈദ്യുതി പദ്ധതികളെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുമായി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും. ഇന്നലെ നടന്ന രണ്ട് പരിപാടികളുമായി ബന്ധപ്പെട്ടാണ് രണ്ടുനയങ്ങള് മുഖ്യമന്ത്രി പിണറായിവിജയനും വൈദ്യുതി മന്ത്രി എം.എം. മണിയും വ്യക്തമാക്കിയത്. രാവിലെ നടന്ന കോഴിക്കോട് ജില്ലാപഞ്ചായത്തിനു കീഴിലെ 44 സ്കുളുകളില് സൗരോര്ജപാനല്സ്ഥാപിക്കാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ജലവൈദ്യുത പദ്ധതികളാണ് സംസ്ഥാനത്തിന് ഏറെ അനുയോജ്യമെന്ന് മന്ത്രി എം.എം മണി വ്യക്തമാക്കി.
സൗരോര്‍ജ പദ്ധതികള്‍ അധിക ബാധ്യത വരുത്തിവയ്ക്കുമെന്നും ഇതിനായി സ്ഥലം കണ്ടെത്തുക വിഷമകരമാണെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്തെ തന്നെ എറ്റവും മികച്ച സംരഭം എന്ന രീതിയില്‍ പരസ്യ പ്രചാരണവുമായി സൗരോര്‍ജ പദ്ധതി നടപടികള്‍ തുടങ്ങിയ ജില്ലാ പഞ്ചായത്ത് അധികൃതരെ വെട്ടിലാക്കി കൊണ്ടായിരുന്നു ചടങ്ങില്‍ വകുപ്പു മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. പ്രസംഗത്തിലുടനീളം മറ്റു വൈദ്യുതി പദ്ധതികളെ തള്ളി ആതിരപ്പിള്ളി പദ്ധതിയുടെ ആവശ്യകത അദ്ദേഹം ഊന്നിപറയുകയും ചെയ്തു.
എന്നാല്‍ ഇന്നലെ വൈകുന്നേരം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം. മണിയെ സാക്ഷിയാക്കി നേരെ വിപരീതമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. താപ വൈദ്യുതിയും സൗരോര്‍ജ പദ്ധതികളുമാണ് ഇന്ന് നാടിനാവശ്യമെന്നായിരുന്നു പിണറായിയുടെ വാദം. ജലവൈദ്യുതി പദ്ധതിപോലുള്ള വലിയപദ്ധതികളെകുറിച്ച് സംസാരിച്ച് സമയം കളയേണ്ടതില്ല.അന്യസംസ്ഥാനങ്ങളില്‍ പുതിയ വീടുകള്‍ നിര്‍മിക്കുന്നതുപോലും സൗരോര്ജപാനല്സ്ഥാപിക്കാനുള്ള സൗകര്യം ലക്ഷ്യമിട്ടുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മേല്ക്കൂരകളില് പാനലുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലസൗകര്യം ഒരു പ്രശ്നമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ പദ്ധതികള്‍ക്ക് പിറകേ പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ തനിക്കറിയാമെന്നും ലാവ്ലിന് കേസിനെ പരോക്ഷമായി പരാമര്‍ശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരോര്‍ജം എന്ന് കേള്‍ക്കുമ്പോഴേ വിവാദങ്ങളാണ് ഓര്‍മയിലേക്ക് വരിക. എന്നാല്‍ വിവാദങ്ങള്‍ അയവിറക്കി സമയം കളയുന്ന കാലം കഴിഞ്ഞു. പത്തുമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന എത്രയോ ഓഫീസുകള്‍ സംസ്ഥാനത്തുണ്ട്. അവിടെയെല്ലാം സൗരോര്‍ജപാനലുകള്‍ സ്ഥാപിച്ചുകുടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നേരത്തെ അധ്യക്ഷ പ്രസംഗത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കിയ കെഎസ്ഇബി ജീവനക്കാരെ പ്രകീര്‍ത്തിച്ച മന്ത്രിയുടെ നിലപാടിനെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.
കെഎസ്ഇബി ജീവനക്കാര്‍ ഇതിന് ഉത്തരവാദിത്തപ്പെട്ടവരാണ്. അവരില്‍ നിന്നും മറിച്ചൊരു സമീപനമുണ്ടായെങ്കില്‍ മാത്രമേ അത് പരാമര്‍ശിക്കേണ്ട കാര്യമുള്ളു. നാടാടെ ഒന്നിച്ചുനിന്നതുകൊണ്ടാണ് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞതെന്നും ഇപ്പോഴത്തെ വൈദ്യൂതിമന്ത്രി എന്നനിലയില്‍ എം.എം. മണി അടക്കമുള്ളവര്‍ക്ക് ഇതില്‍ അഭിമാനിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.