കാലടി: നടുവട്ടം പളളി തിരുനാളിനോടനുബന്ധിച്ചു വടിവാള്‍ ആക്രമണം നടത്തിയ ഒരാളെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. അയ്യംമ്പുഴ ചുളളി പീച്ചനാംപിളളി നിഖില്‍ (21) ആണ് കാലടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നടന്ന നടുവട്ടം പളളി തിരുനാള്‍ ദിനമാണ് വടിവാള്‍ ആക്രമണം ഉണ്ടായത്. തിരുനാള്‍ തലേന്ന് തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം തിരിച്ചുപോയ ആളുകളുടെ കൂട്ടത്തിലേക്കു നിഖിലും സുഹൃത്തുക്കളും അപകടകരമായി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു കയറ്റിയപ്പോള്‍ പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമായി തിരുനാള്‍ ദിവസം രാത്രി വടിവാളുമായെത്തി പളളിയങ്കണത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷം മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. 2013 ല്‍ മഞ്ഞപ്ര മുളവരിപ്പാടത്ത് വീട്ടില്‍ കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചകേസിലും 2014 ല്‍ പുല്ലത്താന്‍ കവലയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചകേസിലും നിഖില്‍ പ്രതിയാണ്. കാലടി സിഐ വി.എസ്.നവാസിന്റെ നേതൃത്വത്തില്‍ എസ്ഐ അനില്‍കുമാര്‍ ടി മേപ്പിളളില്,സീനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നന്ദകുമാര്‍,അബ്ദുള്‍ സത്താര്‍, ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.