കോട്ടയം: ബംഗാളിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ പലര്‍ക്കും ചങ്കിടിക്കുന്നു. തീയതി പ്രഖ്യാപിച്ചതോടെ അവിടെ നിന്നെത്തിയ തൊഴിലാളികള്‍ അടുത്ത മാസം ആദ്യം സ്വ ന്തം നാട്ടിലേക്ക് വണ്ടി കയറും. ജില്ലയില്‍ നിര്‍മാണ മേഖല ഏറ്റവും സജീവമാകുന്ന സമയമാണ് ഏപ്രില്‍, മേയ് മാസങ്ങള്‍. ഇതേ സമയം തന്നെയാണ് ബംഗാളില്‍ ആറു ഘട്ടമായി തെരഞ്ഞെടുപ്പ്.ആദ്യഘട്ടം ഏപ്രില്‍ നാലിനും രണ്ടാം ഘട്ടം 11നും മൂന്നാംഘട്ടം 17നും നാലാംഘട്ടം 21നും അഞ്ചാംഘട്ടം 25നും ആറാംഘട്ടം മേയ് അഞ്ചിനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ആറായതോടെ ഘട്ടംഘട്ടമായി അവിടേക്ക് വോട്ടു ചെയ്യാന്‍ തൊഴിലാളികള്‍ പോയിക്കൊണ്ടിരിക്കും. പോയാല്‍ ഏറെപ്പേരും ഒരു മാസം കഴിയാതെ മടങ്ങിവരില്ല.
ബംഗാളിനെ മാത്രം പറയേണ്ട. ആസാമിലും തെരഞ്ഞെടുപ്പുണ്ട്. ബംഗാളികളുടെ അത്രയും എണ്ണം വരില്ലെങ്കിലും ആസാം തൊഴിലാളികളും കോട്ടയത്ത് കുറവല്ല. ആസാമില്‍ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ നാലിനും, രണ്ടാംഘട്ടം ഏപ്രില്‍ പതിനൊന്നിനും. ആദ്യഘട്ടത്തില്‍ 65 മണ്ഡലങ്ങളും രണ്ടാംഘട്ടത്തില്‍ 61 മണ്ഡലങ്ങളിലുമാണ് ആസാമില്‍ തെരഞ്ഞെടുപ്പ്. ബംഗാളി തൊഴിലാളികളേറെയും കെട്ടിടനിര്മാണമേഖലയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ആസാമികള്‍ കടകളിലും കമ്പോളങ്ങളിലുമാണ് സജീവമായിരിക്കുന്നത്. ബംഗാളിനും ആസാമിനുമൊപ്പം തമിഴ് നാട്ടിലും തെരഞ്ഞെടുപ്പുണ്ട്.
കോട്ടയത്ത് മേസ്തിരി, ഹെല്‍പ്പര്‍ ജോലിക്കെത്തിയ തമിഴരേറെയും തിരുനല്‍വേലി, പൊള്ളാച്ചി, കന്യാകുമാരി, മാര്‍ത്താണ്ഡം മേഖലയില്‍നിന്നുള്ളവരാണ്. ഈസ്റ്റര്‍ പ്രമാണിച്ച് പലരും ഈ ആഴ്ച തമിഴ് നാട്ടിലേക്കു പോകും. പിന്നെ ഇലക്ഷന് കഴിയാതെ മടങ്ങാന്‍ ഇടിയില്ല. എന്തായാലും കോട്ടയത്തെ നിര്‍മാണ തൊഴില്‍ മേഖലയില്‍ വലിയൊരു മാന്ദ്യത്തിന്റെ മാസമാകും ഏപ്രില്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള മിക്ക ട്രെയിനുകളിലും റിസര്‍വേഷന്‍ സീറ്റുകള്‍ തീര്‍ന്നു കഴിഞ്ഞു. ജോലിക്കും മറ്റും അവിടേക്ക് പോകാനും തിരിച്ചുവരാനും താല്പര്യമുള്ള മലയാളികള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചുതുടങ്ങി. നിര്‍മാണ മേഖല മാത്രമല്ല കോഴിക്കട, ഇറച്ചിക്കട, ഹോട്ടല്‍ തുടങ്ങിയ മേഖലയിലും തൊഴിലാളി ക്ഷാമം നേരിടും.