സ്വന്തം ലേഖകൻ
കോഴിക്കോട്: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ പാർട്ടിക്ക് അതീതനായി വളർന്ന് സ്വയം മഹത്ത്വവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ആരോപിച്ചതിന് പിന്നിൽ ഇ.പി. ജയരാജൻ വിഭാഗമെന്ന്. കണ്ണൂരിൽ പി. ജയരാജനുണ്ടാകുന്ന ജനകീയതയ്ക്ക് തടയിടാൻ ഇ.പി. ജയരാജൻ വിഭാഗം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നും പാർട്ടിയിലെ ചില നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. പി. ജയരാജൻ പങ്കെടുക്കുന്ന പൊതുപരിപാടിയിൽ ജനങ്ങൾ ഒഴുകിയെത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലാണെന്നുള്ള സത്യം ഇ.പി. ജയരാജൻ വിഭാഗത്തെ ചൊടിപ്പിച്ചതിനാലാണ് പി. ജയരാജനെതിരെ കരുക്കൾ നീക്കാൻ ഇക്കൂട്ടർ തയാറാകുന്നതെന്നും പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. പാർട്ടിക്കുള്ളിൽ തന്നെ ഒരു പിന്തുണയുമില്ലാത്ത നേതാക്കൾ ജനകീയ നേതാക്കൾക്കെതിരെ തിരിഞ്ഞ് നേതൃത്വത്തിൽ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രവർത്തകർ പറയുന്നു.
മലബാറിൽ പ്രത്യേകിച്ചും കണ്ണൂരിൽ ഇപ്പോൾ പി. ജയരാജനോട് ജനങ്ങൾക്കുള്ള മതിപ്പ് മുഖ്യമന്ത്രിക്ക് പോലുമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന പ്രവർത്തകർ തുറന്നുപറയുന്നത്. ഇതര സംഘടനകളിൽനിന്ന് പ്രവർത്തകരെ അടർത്തിയെടുത്തും ശാരീരിക അവശത മറന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പി. ജയരാജൻ സ്വയം മഹത്ത്വവത്ക്കരിക്കുകയല്ല, ജനങ്ങൾ അദ്ദേഹത്തെ നെഞ്ചിലേറ്റിയതാണെന്നും പി. ജയരാജൻ അനുകൂലികൾ പറയുന്നു. എന്നാൽ ജനങ്ങൾക്കിടയിൽ നിന്ന് അകലുന്ന നേതാക്കൾ പാർട്ടിക്കുള്ളിൽ പിടിമുറുക്കുന്നതിനായാണ് പി. ജയരാജനെതിരെ ആരോപണവുമായി രംഗത്തെത്തുന്നതെന്ന് പ്രവർത്തകർ പറയുന്നു. മുതലാളിമാർക്കൊപ്പം സഞ്ചരിക്കുന്ന നേതാക്കൾ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുന്പോഴാണ് പി. ജയരാജനെ പോലുള്ള ജനകീയ നേതാവ് ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നതെന്ന വാദം നിരത്തിയാണ് ഇ.പി. വിഭാഗത്തെ പി. ജയരാജൻ വിഭാഗം എതിർക്കുന്നത്.
അതേസമയം സിപിഎം ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായി മാറിയെന്ന് ആർഎംപി കുറ്റപ്പെടുത്തി. സിപിഎം നേതാക്കൾ എല്ലാം പരസ്പരം മഹത്ത്വവത്ക്കരിക്കാനുള്ള മത്സരത്തിലാണെന്നും ആർഎംപി നേതാക്കൾ പറയുന്നു. സിപിഎമ്മിൽ നേരത്തെയുണ്ടായിരുന്ന ഇ.പി. ജയരാജൻ-പി. ജയരാജൻ വിഭാഗീയതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നും ആർഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. രമ പറഞ്ഞു. കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് ഇല്ലാത്ത ജനകീയ പിന്തുണ ഉണ്ടെന്ന് കാണിക്കാൻ വേണ്ടിയാണ് തന്റെ ജീവിതരേഖ വെളിവാക്കുന്ന ആൽബം പുറത്തിറക്കിയതെന്നും അവർ പറഞ്ഞു. വിഭാഗീയ പ്രവർത്തനവും വലതുപക്ഷ വ്യതിയാനവും സിപിഎമ്മിനെ മുതലാളിത്ത പാർട്ടിയാക്കി മാറ്റിയെന്നും കെ.കെ. രമ പറഞ്ഞു.